വാഹനത്തിൽ ഇരുന്ന് പൾസർ സുനി വിളിച്ച ശ്രീലക്ഷ്മി ആരാണ്? എന്തുകൊണ്ട് സാക്ഷിയാക്കിയില്ല? വിചാരണ കോടതിയുടെ നിർണായക ചോദ്യങ്ങൾ

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്, സംഭവം നടക്കുമ്പോൾ ഓടുന്ന വാഹനത്തിൽ ഇരുന്ന് ഒന്നാം പ്രതിയായ പൾസർ സുനിയുമായി ഫോൺ സംഭാഷണം നടത്തിയ ശ്രീലക്ഷ്മി ആരാണെന്നതിൽ വ്യക്തത വരുത്താത്തതിൽ വിചാരണ കോടതി സംശയം രേഖപ്പെടുത്തി. സംഭവം നടക്കുന്നതിന് തൊട്ടുമുമ്പും സംഭവത്തിനു ശേഷവും ശ്രീലക്ഷ്മിയുടെ ഫോണിൽ നിന്ന് സുനിയുടെ ഫോണിലേക്ക് വിളികളും സന്ദേശങ്ങളും വന്നതായി രേഖകളിലുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

എന്നാൽ ഇവരെ കേസിൽ സാക്ഷിയാക്കുകയോ, ഫോൺ രേഖകൾ ഹാജരാക്കുകയോ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനുമായി ഈ സ്ത്രീ പിന്നീട് സംസാരിച്ചതായി പ്രോസിക്യൂഷൻ തന്നെ പറഞ്ഞിട്ടുണ്ടെന്നും, “ഒരു മാഡം ക്വട്ടേഷൻ തന്നു” എന്ന പൾസർ സുനിയുടെ മൊഴിയുടെ പശ്ചാത്തലത്തിൽ ഇവരെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താത്തത് ഗുരുതര വീഴ്ചയാണെന്നും കോടതി നിരീക്ഷിച്ചു.

നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന്റെ വീഴ്ചകൾ എണ്ണിപ്പറയുന്നതിനിടെയാണ് കോടതി ഈ ചോദ്യങ്ങൾ ഉന്നയിച്ചത്. ദിലീപടക്കമുള്ള പ്രതികൾക്കെതിരായ ആരോപണങ്ങൾക്കപ്പുറം, വിശ്വാസയോഗ്യമായ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നാണ് കോടതിയുടെ വിമർശനം. കേസിൽ ആറു പ്രതികളെ ശിക്ഷിക്കുകയും, നടൻ ദിലീപടക്കം നാല് പേരെ വെറുതെ വിടുകയും ചെയ്ത വിധിന്യായത്തിലാണ് ഈ നിരീക്ഷണങ്ങൾ.

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് കോടതി വ്യക്തമാക്കി. ആക്രമണ സമയത്ത് “സ്ത്രീ ക്വട്ടേഷനാണ്” എന്ന് പൾസർ സുനി നടിയോട് പറഞ്ഞതായി മൊഴിയുണ്ടായിട്ടും, അത്തരമൊരു സ്ത്രീ യഥാർത്ഥത്തിൽ ഉണ്ടായിരുന്നോയെന്ന കാര്യത്തിൽ കൃത്യമായ മറുപടി നൽകാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ദിലീപും പൾസർ സുനിയും രഹസ്യമായി ഗൂഢാലോചന നടത്തിയതായാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ ദിലീപിന്റെ ആലുവയിലെ വീട്ടിൽ വെച്ച് പൾസർ സുനിയെ കണ്ടുവെന്നും, അവിടെ നിന്ന് പണം വാങ്ങിപ്പോയെന്നും ബാലചന്ദ്രകുമാർ മൊഴി നൽകിയിരുന്നു. ഇത്തരമൊരു മൊഴിയും “ബന്ധം അതീവ രഹസ്യമായിരുന്നു” എന്ന പ്രോസിക്യൂഷൻ വാദവും തമ്മിൽ പൊരുത്തക്കേടുണ്ടെന്ന് കോടതി ചോദിച്ചു.

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളും മൊബൈലും സൂക്ഷിക്കാൻ ദിലീപും കാവ്യാ മാധവനും ചേർന്ന് ബാങ്ക് ലോക്കർ എടുത്തുവെന്ന പ്രോസിക്യൂഷൻ ആരോപണവും കോടതി തള്ളിക്കളഞ്ഞു. ആരോപണങ്ങൾക്കപ്പുറം ഒരു തെളിവ് പോലും ഹാജരാക്കാനായില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ.

അതേസമയം, പൾസർ സുനി പറഞ്ഞ “മാഡത്തെ” കുറിച്ച് അന്വേഷണം നടത്തിയതായും, അതിൽ യാതൊരു വസ്തുതയും കണ്ടെത്താനായില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. വിചാരണ കോടതിയുടെ കണ്ടെത്തലുകൾ ശരിയല്ലെന്ന് ഹൈക്കോടതിയിലെ അപ്പീലിൽ കൃത്യമായി ബോധ്യപ്പെടുത്തുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു.

malayalampulse

malayalampulse