തിരുവനന്തപുരം | 15 ഡിസംബർ 2025
തദ്ദേശ തിരഞ്ഞെടുപ്പിൽ മധ്യകേരളത്തിലും മലപ്പുറത്തും സിപിഎമ്മിന് കനത്ത തിരിച്ചടി നേരിട്ടതായി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഈ സാഹചര്യത്തിന്റെ കാരണങ്ങൾ ഗൗരവപൂർവം പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ ജില്ലാ കമ്മിറ്റികളും ഈ മാസം അവലോകന യോഗങ്ങൾ ചേരും. സർക്കാർ മികച്ച പ്രവർത്തനം നടത്തിയിട്ടും എങ്ങനെ ഇത്തരം ഫലമുണ്ടായി എന്നതും വിശദമായി പരിശോധിക്കുമെന്ന് ഗോവിന്ദൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണവിരുദ്ധ വികാരമുണ്ടായിട്ടില്ലെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാനുള്ള രാഷ്ട്രീയ അടിത്തറ ഇപ്പോഴും നിലനിൽക്കുന്നുവെന്നും ഗോവിന്ദൻ പറഞ്ഞു. “കപ്പൽ മുങ്ങുന്നില്ല” എന്ന പരാമർശത്തിലൂടെ പാർട്ടിയുടെ ആത്മവിശ്വാസം അദ്ദേഹം ആവർത്തിച്ചു.
മധ്യകേരളത്തിലും മലപ്പുറത്തും ഉണ്ടായ പരാജയം സംബന്ധിച്ച് ആഴത്തിലുള്ള പഠനം ആവശ്യമാണെന്നും ഏതെങ്കിലും പ്രത്യേക വിഭാഗം പാർട്ടിക്കെതിരായി മാറിയെന്ന് ഇപ്പോൾ പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറത്ത് മാത്രം എൽഡിഎഫിന് 10 ലക്ഷം വോട്ട് ലഭിച്ചതിലൂടെ ന്യൂനപക്ഷ വോട്ടുകൾ കൈവിട്ടിട്ടില്ലെന്നതിന്റെ സൂചനയാണെന്നും ഗോവിന്ദൻ പറഞ്ഞു.
ന്യൂനപക്ഷ വോട്ടുകളിൽ ചോർച്ച ഉണ്ടായിട്ടുണ്ടോ, അതിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പങ്കുണ്ടോയെന്ന ചോദ്യത്തിന് അതും പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു. “ആരുടെ പങ്ക് പരിശോധിക്കുന്നതിലും പാർട്ടിക്ക് പേടിയില്ല” എന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം അംഗീകരിച്ചുകൊണ്ട് രാഷ്ട്രീയ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകാനാണ് പാർട്ടിയുടെ തീരുമാനം. കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിച്ചെടുക്കുന്ന സമീപനം സ്വീകരിക്കില്ലെന്നും, ഇടതുപക്ഷവുമായി സഹകരിക്കാൻ തയ്യാറുള്ള സ്വതന്ത്രരുള്‍പ്പെടെയുള്ളവരുമായി ചേർന്ന് ചിലയിടങ്ങളിൽ ഭരണത്തിലേക്ക് വരുമെന്നും ഗോവിന്ദൻ വ്യക്തമാക്കി. ബിജെപിയുമായോ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുള്ള യുഡിഎഫുമായോ ഒരു സഖ്യവും ഉണ്ടാകില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
തിരുവനന്തപുരം കോർപ്പറേഷനിൽ വോട്ടുകളുടെ കണക്കിൽ എൽഡിഎഫിനാണ് മുൻതൂക്കം ഉള്ളതെന്നും ഗോവിന്ദൻ പറഞ്ഞു. എൽഡിഎഫിന് 1.75 ലക്ഷം വോട്ടും ബിജെപിക്ക് 1.60 ലക്ഷം വോട്ടും യുഡിഎഫിന് 1.25 ലക്ഷം വോട്ടുമാണ് ലഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപി നടത്തുന്ന ‘വലിയ സ്വാധീനം’ എന്ന പ്രചാരണം യാഥാർത്ഥ്യവിരുദ്ധമാണെന്നും ജില്ലാ പഞ്ചായത്ത്, നഗരസഭ, പഞ്ചായത്ത് തലങ്ങളിൽ അവർക്ക് നേട്ടമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം കോർപ്പറേഷനിലെ പരാജയം ഗൗരവപൂർവം പരിശോധിക്കുമെന്നും ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം പൂർത്തിയാകാതെ ആരെയും സംരക്ഷിക്കുന്ന നിലപാട് പാർട്ടിക്കില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി. ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ സ്വാധീനിച്ചിട്ടുണ്ടോ എന്നതും വിശദമായി പരിശോധിക്കുമെന്നും, ആ വിഷയം നിർണായകമായിരുന്നെങ്കിൽ ബിജെപിക്ക് ഇത്രയേറെ സീറ്റുകൾ ലഭിക്കുമായിരുന്നോ എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.
ജമാഅത്തെ ഇസ്ലാമി, എസ്‌ഡിപിഐ ഉൾപ്പെടെയുള്ള വർഗീയ ശക്തികൾ ലീഗിനും കോൺഗ്രസിനും വേണ്ടി എൽഡിഎഫിനെതിരായി ശക്തമായ പ്രചാരണ പ്രവർത്തനം നടത്തിയതായും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
