നെടുമങ്ങാട്:
ഭാര്യയെ കോൺഗ്രസ് സ്ഥാനാർഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട വ്യക്തിയുടെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലക്കേറ്റ ശക്തമായ അടിയാണ് മരണകാരണമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
വെമ്പായം വേറ്റിനാട് അജിത്ത് വിഹാറിൽ അജിത്കുമാർ (53)നെ ഒക്ടോബർ 20നാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെമ്പായം പഞ്ചായത്തിലെ കണക്കോട് വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ട ബീനയാണ് അജിത്കുമാറിന്റെ ഭാര്യ. ബീന അജിത്ത് രണ്ട് വട്ടം കോൺഗ്രസ് ബ്ലോക്ക് പഞ്ചായത്തംഗമായിരുന്നു.
മരണത്തിന് തലേദിവസം ഭാര്യയുടെ സ്ഥാനാർഥിത്വത്തിനും കോൺഗ്രസ് നേതൃത്വത്തിനുമെതിരെ അജിത്ത് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. ഭാര്യയെ കോൺഗ്രസ് സ്ഥാനാർഥിയാക്കരുതെന്നും, അങ്ങനെ ചെയ്താൽ തന്റെ പേരിനൊപ്പം ഉപയോഗിക്കരുതെന്നും, ഇത് പാലിക്കാത്ത പക്ഷം കോൺഗ്രസിനും നേതൃത്വത്തിനുമെതിരെ പ്രചാരണത്തിനിറങ്ങുമെന്നും പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.
ഈ പോസ്റ്റ് ചെയ്തതിനു പിന്നാലെ അതേ രാത്രിയാണ് അജിത്ത് മരിച്ചത്. മരണവിവരം പിറ്റേന്നാണ് പുറംലോകം അറിയുന്നത്. മരണദിവസം അർധരാത്രിവരെ അജിത്തിന്റെ വീട്ടിൽ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും എത്തിപ്പോയതായി നാട്ടുകാർ പറയുന്നു. ഇവരാണ് അജിത്തിനെ ആശുപത്രിയിൽ എത്തിച്ചതും സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകിയതും.
ഹൃദയാഘാതമാണ് മരണകാരണമെന്ന് ബീന പൊതുജനങ്ങളോട് പറഞ്ഞിരുന്നു. മരണാനന്തര ചടങ്ങുകൾ പൂർത്തിയാകുന്നതിന് മുൻപുതന്നെ വാർഡിൽ പ്രചാരണത്തിനിറങ്ങിയതായും ആരോപണമുണ്ട്.
മരണത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അജിത്തിന്റെ അമ്മ രാധാദേവി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
