കാസർകോട്: പട്ടാപ്പകൽ നഗരത്തിലെ ഹോട്ടലിന് മുന്നിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വൻ വഴിത്തിരിവ്. നിരോധിത നോട്ടുകൾ വെളുപ്പിക്കുന്ന സംഘവും, ആ സംഘത്തിലെ ഒരാളെ തടഞ്ഞുവച്ച് പണം തട്ടിയവരുമാണ് പൊലീസ് വലയിലായത്. ആന്ധ്രപ്രദേശ് സ്വദേശികളും കാസർകോട് സ്വദേശികളും ഉൾപ്പെടെ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
നിരോധിത നോട്ടുകൾ വെളുപ്പിക്കുന്ന ആന്ധ്രസംഘത്തിലെ ഒരാളെ തടങ്കലിൽ വച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയതിലുള്ള വിരോധമാണ് തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഇരു സംഘങ്ങൾക്കുമെതിരെ തട്ടിക്കൊണ്ടുപോകൽ, പണം തട്ടൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കാസർകോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
അറസ്റ്റിലായവർ
ആന്ധ്ര ചെന്നറെഡ്ഡി പള്ളി സ്വദേശി സിദ്ധാന ഓംകാർ (25), ഗംഗനപ്പള്ളി സ്വദേശി മാരുതി പ്രസാദ് റെഡ്ഡി (33), കടപ്പ സ്വദേശികളായ എ. ശ്രീനാഥ് (26), പ്രിഥ്വിരാജ് റെഡ്ഡി (31) എന്നിവരാണ് ആന്ധ്രസംഘത്തിൽപ്പെട്ടവർ.
കാസർകോട് സ്വദേശികളായ മേൽപറമ്പ് വള്ളിയോട് സ്വദേശി മുഹമ്മദ് ഹനീഫ (36), മുഖ്യ സൂത്രധാരൻ പാലക്കുന്ന് കോട്ടപ്പാറയിലെ എം. ഷെരീഫ് (44), ചെർക്കള ബേവിഞ്ചയിലെ ബി. നൂറുദ്ദീൻ (42), ചട്ടഞ്ചാൽ ബെണ്ടിച്ചാലിലെ കെ. വിജയൻ (55) എന്നിവരെയും അറസ്റ്റ് ചെയ്തു.
സിനിമയെ വെല്ലുന്ന സംഭവവികാസങ്ങൾ
ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ കാസർകോട് കറന്തക്കാട് ദേശീയപാത സർവീസ് റോഡിനരികെയുള്ള ഉഡുപ്പി ആര്യഭവൻ ഹോട്ടലിന് മുന്നിൽവച്ചാണ് സംഭവങ്ങളുടെ തുടക്കം. ആന്ധ്രപ്രദേശ് രജിസ്ട്രേഷൻ കാറിലെത്തിയ നാലംഗ സംഘം മുഹമ്മദ് ഹനീഫയെ തട്ടിക്കൊണ്ടുപോയി.
സംഭവം ദൃക്സാക്ഷി പൊലീസിനെ അറിയിച്ചതോടെ ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡ്ഡിയുടെ നിർദേശപ്രകാരം അന്വേഷണം ആരംഭിച്ചു. കർണാടക പൊലീസിന്റെ സഹായത്തോടെയാണ് പ്രതികളെ പിന്തുടർന്നത്. തലപ്പാടി ടോൾ പ്ലാസയിൽ വാഹനം രക്ഷപ്പെട്ടെങ്കിലും, പിന്നീട് സകലേഷ്പുര പൊലീസ് ഔട്ട്‌പോസ്റ്റിന് സമീപം പ്രതികളെ പിടികൂടി.
നോട്ട് വെളുപ്പിക്കൽ ഇടപാട് തട്ടിപ്പിലേക്കു
നിരോധിത നോട്ടുകൾ മാറ്റണമെന്ന ആവശ്യത്തോടെ മലയാളി സംഘം ആന്ധ്രസംഘത്തെ കാസർകോട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. 7.5 ലക്ഷം രൂപയുടെ ഇടപാടിൽ ആദ്യ ഘട്ടമായി ഒരു ലക്ഷം രൂപ ഓൺലൈനായി കൈമാറി. എന്നാൽ നോട്ടുകൾ പരിശോധിക്കുന്നതിനിടെ സംശയം തോന്നിയതോടെ സംഭവങ്ങൾ വഴിമാറി. തുടർന്ന് ആന്ധ്രസംഘത്തിലെ ഒരാളെ തടങ്കലിൽ വച്ച് ബാക്കി തുക ആവശ്യപ്പെട്ടതായും, പ്രതികാരമായാണ് ഹനീഫയെ തട്ടിക്കൊണ്ടുപോയതെന്നും പൊലീസ് പറഞ്ഞു.
ഇരു സംഘങ്ങളെയും ബന്ധിപ്പിച്ചത് ആന്ധ്രപ്രദേശിലെ ഒരു രാഷ്ട്രീയ നേതാവാണെന്ന സംശയവും പൊലീസ് പരിശോധിച്ചു വരികയാണ്.
