ശ്രീനിവാസന്‍ അന്തരിച്ചു

കൊച്ചി: മലയാള സിനിമയിലെ അതുല്യ പ്രതിഭ ശ്രീനിവാസൻ (69) അന്തരിച്ചു. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്ന നിലകളിൽ സിനിമയുടെ എല്ലാ മേഖലകളിലും തന്റേതായ അടയാളം പതിപ്പിച്ച കലാകാരനാണ് വിടവാങ്ങിയത്.

വിവിധ രോഗങ്ങളെ തുടർന്ന് ദീർഘകാലമായി ഉദയംപേരൂരിലെ വസതിയിൽ ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറ സർക്കാർ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം.

1956 ഏപ്രിൽ 6ന് കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്ത പാട്യത്തിൽ അധ്യാപകനായ പടിയത്ത് ഉണ്ണിയുടെയും ലക്ഷ്മിയുടെയും മകനായി ജനിച്ചു. കൂത്തുപറമ്പ് മിഡിൽ സ്കൂൾ, തലശ്ശേരി ഗവ. ഹൈസ്കൂൾ, മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് ചെന്നൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അഭിനയത്തിൽ ഡിപ്ലോമ നേടി. പഠനകാലത്ത് തെന്നിന്ത്യൻ സൂപ്പർതാരം രജനികാന്തും ശ്രീനിവാസനും സഹപാഠികളായിരുന്നു.

പി. എ. ബക്കറിന്റെ മണിമുഴക്കം ആയിരുന്നു ആദ്യ ചിത്രം. പ്രിയദർശൻ സംവിധാനം ചെയ്ത ഓടരുതമ്മാവാ ആളറിയാം (1984) എന്ന ചിത്രത്തിലൂടെയാണ് തിരക്കഥാകൃത്ത് എന്ന നിലയിൽ ശ്രദ്ധേയനായത്. ഡബ്ബിംഗ് ആർട്ടിസ്റ്റായും പ്രവർത്തിച്ച ശ്രീനിവാസൻ എട്ട് ചിത്രങ്ങളിൽ വിവിധ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി. മമ്മൂട്ടി ശ്രദ്ധേയ വേഷത്തിലെത്തിയ കെ.ജി. ജോർജിന്റെ മേളയിൽ അദ്ദേഹത്തിന് ശബ്ദം നൽകിയത് ശ്രീനിവാസനായിരുന്നു. മമ്മൂട്ടിയുടെ ആദ്യ ചിത്രമായ വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്നതിലെ രണ്ടുവരി ഡയലോഗും അദ്ദേഹം തന്നെയാണ് ഡബ്ബ് ചെയ്തത്.

വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള തുടങ്ങിയ മലയാളത്തിലെ മികച്ച ആക്ഷേപഹാസ്യ ചിത്രങ്ങൾ സംവിധാനം ചെയ്തു. ആദ്യ സംവിധാനസംരംഭമായ വടക്കുനോക്കിയന്ത്രം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി. ചിന്താവിഷ്ടയായ ശ്യാമള, സന്ദേശം, മഴയെത്തും മുൻപെ, തകരച്ചെണ്ട, ഉദയനാണ് താരം തുടങ്ങിയ ചിത്രങ്ങൾക്ക് സംസ്ഥാന പുരസ്‌കാരങ്ങളും ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് 1998-ലെ മികച്ച സാമൂഹിക ക്ഷേമ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു.

മുഖ്യധാരയിലും സമാന്തര സിനിമയിലും ഒരുപോലെ സജീവമായിരുന്നു ശ്രീനിവാസൻ. അരവിന്ദന്റെ ചിതംബരം അതിന് ഉത്തമ ഉദാഹരണമാണ്. സന്ദേശം പുറത്തിറങ്ങിയപ്പോൾ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് വിമർശനങ്ങൾ നേരിട്ടെങ്കിലും, സ്വന്തം ബോധ്യങ്ങളായിരുന്നു അദ്ദേഹത്തിന്റെ വഴികാട്ടി. സിനിമയിലും ജീവിതത്തിലും മലയാളിത്തം നഷ്ടമാകരുതെന്ന സന്ദേശമാണ് ശ്രീനിവാസന്റെ തിരക്കഥകളും ഫ്രെയിമുകളും എന്നും ഉയർത്തിപ്പിടിച്ചത്.

ഭാര്യ: വിമല.

മക്കൾ: ചലച്ചിത്രതാരങ്ങളായ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ.

malayalampulse

malayalampulse