പാലക്കാട്: വാളയാർ ആൾക്കൂട്ട കൊലപാതക കേസിൽ പിടിയിലായ പ്രതികളിൽ നാല് പേർ ബിജെപി അനുഭാവികളാണെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. കേസിലെ നാലാം പ്രതി സിഐടിയു പ്രവർത്തകനാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കൂട്ടക്കൊലയ്ക്ക് പിന്നിൽ ആർഎസ്എസ് ആണെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തിയതോടെയാണ് സംഭവം രാഷ്ട്രീയ വിവാദമായി മാറിയത്. എന്നാൽ ആരോപണം ബിജെപി നേതൃത്വം നിഷേധിച്ചു.
സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനുസരിച്ച് ഒന്നാം, രണ്ടാം, മൂന്നാം, അഞ്ചാം പ്രതികൾ ബിജെപി അനുഭാവികളാണ്. ഒന്നും രണ്ടും പ്രതികളായ അനു, പ്രസാദ് എന്നിവർ സിഐടിയു-ഡിവൈഎഫ്ഐ പ്രവർത്തകരെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളുമാണ്. നാലാം പ്രതി ആനന്ദൻ സിഐടിയു പ്രവർത്തകനാണെന്നും റിപ്പോർട്ടിലുണ്ട്.
പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ സമയത്ത് മറ്റൊരു കേസിലെ പ്രതിയായ ജിനീഷ് സ്ഥലത്തെത്തിയതുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ എല്ലാവർക്കും ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിന് ആറു ദിവസം പിന്നിട്ടിട്ടും പ്രതികളുടെ രാഷ്ട്രീയബന്ധം ചൂണ്ടിക്കാട്ടി പാലക്കാട് സിപിഎം ജില്ലാ നേതൃത്വം പത്രക്കുറിപ്പ് ഇറക്കിയിരുന്നില്ല. സംഭവത്തിന് പിന്നിൽ 14 ആർഎസ്എസ് പ്രവർത്തകരും ഒരാൾ സിപിഎം പ്രവർത്തകനുമുണ്ടെന്ന ഡിസിസി നേതൃത്വത്തിന്റെ ആരോപണത്തിന് പിന്നാലെയാണ് സിപിഎം ആർഎസ്എസിനെതിരെ രംഗത്തെത്തിയത്.
സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയമാണ് കൊലപാതകത്തിന് പിന്നിലെന്നും ‘ബംഗ്ലാദേശി’ എന്ന് ആക്ഷേപിച്ചാണ് രാം നാരായണനെ മർദിച്ചതെന്നും മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു. ഈ ആരോപണം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ആവർത്തിച്ചു. എന്നാൽ മർദ്ദിച്ചവരിൽ എല്ലാ പാർട്ടിക്കാരും ഉണ്ടായിരുന്നുവെന്നാണ് ബിജെപിയുടെ വിശദീകരണം.
അതേസമയം, പുറത്തുവന്ന റിമാൻഡ് റിപ്പോർട്ടിൽ പ്രതികൾ കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെയാണ് രാം നാരായണനെ മർദിച്ചതെന്ന് വ്യക്തമാക്കുന്നു. വടി ഉപയോഗിച്ച് തലക്കും മുതുകിനും അടിച്ചെന്നും മുഖത്തും വയറിലും ക്രൂരമായി മർദിച്ചതായും റിപ്പോർട്ടിലുണ്ട്. ഒന്നാം പ്രതിക്കെതിരെ മാത്രം 15-ലധികം ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
കേസിൽ കൂടുതൽ പ്രതികളെ പിടികൂടാനാകാത്തതിനെതിരെ പൊലീസിനെതിരെ വിമർശനം ശക്തമാവുകയാണ്. പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം വിശദമായി പരിശോധിക്കുമെന്ന് പാലക്കാട് എസ്.പി അറിയിച്ചു.
