യേശുക്രിസ്തുവിന്റെ തിരുപ്പിറവി ഓർമ്മയിൽ ലോകം ക്രിസ്മസ് ആഘോഷത്തിൽ

അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കാൻ മാർപാപ്പയുടെ ആഹ്വാനം; ബേത്‌ലഹേമിൽ രണ്ട് വർഷത്തിന് ശേഷം ആഘോഷം

വത്തിക്കാൻ:

യേശുക്രിസ്തുവിന്റെ തിരുപ്പിറവിയുടെ ഓർമ്മയിൽ ലോകമെമ്പാടുമുള്ള വിശ്വാസികൾ ക്രിസ്മസ് ആഘോഷിച്ചു. വത്തിക്കാനിലെ സെന്റ് പീറ്റർ ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപ്പാപ്പ തിരുപ്പിറവി ചടങ്ങുകൾക്കും പാതിരാകുർബാനയ്ക്കും കാർമികത്വം വഹിച്ചു. മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ ആദ്യ ക്രിസ്മസ് ആഘോഷമാണിത്.

ഇരുനൂറിലേറെ അംഗങ്ങൾ അണിനിരക്കുന്ന ഗായകസംഘത്തിന്റെ നേതൃത്വത്തിലുള്ള ഭക്തിഗാനങ്ങളോടെയാണ് ചടങ്ങുകൾ നടന്നത്. ഉണ്ണിയേശുവിന്റെ ജനനപ്രഖ്യാപനത്തോടെയാണ് തിരുപ്പിറവി ശുശ്രൂഷകൾക്ക് തുടക്കമായത്. തുടർന്ന് അൾത്താരയുടെ മുന്നിലെ ബൈബിൾ പ്രതിഷ്ഠാപീഠത്തിൽ പട്ടിൽ പൊതിഞ്ഞ് വെച്ചിരുന്ന ഉണ്ണിയേശുരൂപം മാർപ്പാപ്പ അനാവരണം ചെയ്തു.

അപരിചിതരോടും ദരിദ്രരോടും ദയയും കരുണയും കാണിക്കണമെന്ന് മാർപ്പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു. സഹായം ആവശ്യമായവരെ അവഗണിക്കുന്നത് ദൈവത്തെ അവഗണിക്കുന്നതിന് തുല്യമാണെന്നും ക്രിസ്മസ് രാവിലത്തെ ദിവ്യബലിയിൽ അദ്ദേഹം ഓർമിപ്പിച്ചു. ഏകദേശം ആറായിരത്തോളം പേർ ബസിലിക്കയിലെ ചടങ്ങുകൾക്ക് നേരിട്ട് സാക്ഷ്യം വഹിച്ചു.

ബേത്‌ലഹേമിൽ രണ്ട് വർഷത്തിന് ശേഷം ക്രിസ്മസ്

യേശുദേവന്റെ ജന്മസ്ഥലമായ ബേത്‌ലഹേമിൽ രണ്ട് വർഷങ്ങൾക്ക് ശേഷം ക്രിസ്മസ് ആഘോഷം നടന്നു. ഗാസയിലെ യുദ്ധസാഹചര്യത്തെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷങ്ങളായി പലസ്തീനിലെ ക്രൈസ്തവർ ക്രിസ്മസ് ആഘോഷങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്നു. നേറ്റിവിറ്റി പള്ളിയിൽ നടന്ന പാതിരാകുർബാനയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.

ഗൾഫ് രാജ്യങ്ങളിലും തിരുപ്പിറവി ആഘോഷം

ഗൾഫ് രാജ്യങ്ങളിലെ വിവിധ ആരാധനാലയങ്ങളിലും തിരുപ്പിറവി ആഘോഷങ്ങൾ നടന്നു. ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിലെ പള്ളികളിൽ സന്ധ്യാനമസ്കാരം, തീജ്വാല ശുശ്രൂഷ, വിശുദ്ധ കുർബ്ബാന എന്നിവയിൽ വിശ്വാസികൾ പങ്കുചേർന്നു. റിയാദിലെ ഇന്ത്യൻ എംബസിയിൽ വിപുലമായ ക്രിസ്മസ് ആഘോഷങ്ങളും സംഘടിപ്പിച്ചു.

ദുബായ് ഊദ് മേത്തയിലെ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന ക്രിസ്മസ് ശുശ്രൂഷകൾക്ക് തുമ്പമൺ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു.

malayalampulse

malayalampulse