തൃശൂർ കോൺഗ്രസ് കൗൺസിലർ ലാലി ജെയിംസിന് സസ്പെൻഷൻ

തൃശൂർ: മേയർ സ്ഥാനവുമായി ബന്ധപ്പെട്ട് കോഴ ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തൽ നടത്തിയ കോൺഗ്രസ് കൗൺസിലർ ലാലി ജെയിംസിനെ പാർട്ടി സസ്പെൻഡ് ചെയ്തു. തൃശൂർ ഡിസിസി പ്രസിഡൻ്റ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കെപിസിസി നടപടി സ്വീകരിച്ചത്.

താഴെത്തട്ടിൽ നിന്ന് പ്രവർത്തിച്ച് വരുന്ന പ്രവർത്തകരെ കോൺഗ്രസ് അവഗണിക്കുകയാണെന്ന ഗുരുതര ആരോപണമാണ് ലാലി ജെയിംസ് ഉന്നയിച്ചിരുന്നത്. തൻ്റെ കൈവശം പണമില്ലെന്നും, പണം നൽകി പാർട്ടിയെ സഹായിക്കാൻ കഴിയുന്നവരെയാണോ സ്ഥാനങ്ങൾക്കായി പരിഗണിക്കുന്നതെന്ന് അറിയില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.

മേയർ സ്ഥാനത്തെക്കുറിച്ച് നഗരത്തിൽ സർവേ നടത്തിയാൽ അതിൽ മുന്നിൽ താനായിരിക്കുമെന്നും ലാലി ജെയിംസ് അവകാശപ്പെട്ടു. പാർട്ടിയുടെ നിലപാട് ‘കേന്ദ്ര ഇടപെടൽ – കേരള ഇടപെടൽ’ എന്ന രീതിയിലാണെന്നും, കെ.സി. വേണുഗോപാലും ദീപ ദാസ് മുൻഷിയുമാണ് ഈ നീക്കങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രധാന നേതാക്കളെന്നും അവർ ആരോപിച്ചിരുന്നു.

ദീപ ദാസ് മുൻഷിക്കും കെ.സി. വേണുഗോപാലിനും വാർഡുകളെക്കുറിച്ചോ, താഴെത്തട്ടിൽ കഷ്ടപ്പെട്ട് പ്രവർത്തിക്കുന്നവരെക്കുറിച്ചോ വ്യക്തമായ ധാരണയില്ലെന്നും, അത്തരക്കാരെ കുറിച്ച് അറിയാതെ പോകുന്നത് ദുഃഖകരമാണെന്നും ലാലി ജെയിംസ് വിമർശിച്ചിരുന്നു.

ഇത്തരം പരസ്യ പ്രതികരണങ്ങൾ പാർട്ടിക്ക് ദോഷകരമാണെന്ന് വിലയിരുത്തിയതിനെ തുടർന്നാണ് കെപിസിസി ലാലി ജെയിംസിനെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചത്.

malayalampulse

malayalampulse