തിരുവനന്തപുരം: തിരുവനന്തപുരം-ദില്ലി സർവീസ് നടത്തുന്ന എയർ ഇന്ത്യ 2455 വിമാനം ചെന്നൈയിൽ അടിയന്തര ലാൻഡിങ് നടത്തേണ്ടിവന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന എംപിമാരായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ. രാധാകൃഷ്ണൻ, റോബർട്ട് ബ്രൂസ് എന്നിവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായി അറിയിച്ചു.
ഡിജിസിഎയും സിവിൽ ഏവിയേഷൻ മന്ത്രാലയവും അടിയന്തര അന്വേഷണം നടത്തി ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും ഇത്തരം സുരക്ഷാ വീഴ്ചകൾ വീണ്ടും സംഭവിക്കാതിരിക്കണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. ക്യാപ്റ്റന്റെ അടിയന്തര ഇടപെടലാണ് യാത്രക്കാരുടെ ജീവൻ രക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വിമാനം 7.30-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ടതായിരുന്നെങ്കിലും ഒരുമണിക്കൂറിലേറെ വൈകിയാണ് പുറപ്പെട്ടത്. പറന്നുയർന്ന് ഏകദേശം ഒരു മണിക്കൂറിനുശേഷം സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ചെന്നൈയിൽ അടിയന്തര ലാൻഡിങ് നടത്താൻ തീരുമാനിച്ചു.
എന്നാൽ, ലാൻഡിങ് അനുമതി ലഭിച്ചിട്ടും റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നതുകൊണ്ട് യാത്രക്കാർക്ക് കൂടുതൽ ആശങ്കയുണ്ടായി. തുടർന്ന് വിമാനമൊരു മണിക്കൂറോളം കൂടി ആകാശത്ത് പറന്നശേഷമാണ് സുരക്ഷിതമായി ചെന്നൈയിൽ ഇറങ്ങിയത്.
എയർ ഇന്ത്യയുടെ പ്രസ്താവന പ്രകാരം, വിമാനം വഴിതിരിച്ചുവിട്ടത് മുൻകരുതലെന്ന നിലയിലാണെന്നും സുരക്ഷാ പരിശോധനയ്ക്കുശേഷം യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കുമെന്നും അറിയിച്ചു.
