ബുൾഡോസർ രാജ് വിവാദത്തിനുശേഷം കേരള–കർണാടക മുഖ്യമന്ത്രിമാർ ഒരേ വേദിയിൽ; ശിവഗിരിയിൽ രാഷ്ട്രീയ കൗതുകം

തിരുവനന്തപുരം:

93-ാമത് ശിവഗിരി തീർഥാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും പങ്കെടുത്തു. യെലഹങ്ക ഫക്കീർ കോളനിയിലെയും വസീം ലേ ഔട്ടിലെയും കുടിയൊഴിപ്പിക്കലിനെച്ചൊല്ലി ഉണ്ടായ ‘ബുൾഡോസർ രാജ്’ വിവാദങ്ങൾക്ക് പിന്നാലെ കേരള–കർണാടക മുഖ്യമന്ത്രിമാർ ഒരേ വേദിയിൽ എത്തിയത് സമ്മേളനത്തിന്റെ പ്രധാന രാഷ്ട്രീയ കൗതുകമായി.

എന്നാൽ വിവാദ വിഷയങ്ങളെക്കുറിച്ച് ഇരുവരും വേദിയിൽ പ്രതികരിച്ചില്ല. സൗഹാർദപരമായി പരസ്പരം അഭിവാദ്യം ചെയ്ത ശേഷമാണ് സമ്മേളനം മുന്നോട്ടുപോയത്. കർണാടക മുഖ്യമന്ത്രി സംസാരിക്കുമ്പോൾ താൻ വേദിയിൽ ഉണ്ടാകില്ലെന്നും, മുൻകൂട്ടി നിശ്ചയിച്ച മന്ത്രിസഭാ യോഗമുള്ളതിനാൽ നേരത്തേ മടങ്ങേണ്ടിവരുമെന്നും, അത് മര്യാദക്കേടായി കാണരുതെന്നും പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്.

രാജ്യത്ത് നടക്കുന്നത് സാംസ്കാരിക ഫാസിസമാണെന്ന് മുഖ്യമന്ത്രി തന്റെ പ്രസംഗത്തിൽ പറഞ്ഞു. ഇന്ത്യയുടെ ബഹുസ്വരത തകർക്കപ്പെടുകയാണെന്നും, ഇത് സാംസ്കാരിക ഫാസിസമാണെന്ന് തിരിച്ചറിയാൻ ജനാധിപത്യ വിശ്വാസികൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ജീവിത ചുറ്റുപാടുകളിൽ കണ്ടും അനുഭവിച്ചും തിരിച്ചറിഞ്ഞ അസംബന്ധങ്ങൾക്കെതിരെ ശ്രീനാരായണഗുരു ശബ്ദിച്ചിരുന്നുവെന്നും, ചാതുർവർണ്യ വ്യവസ്ഥയെ തകർക്കുന്നതായിരുന്നു ഗുരുവിന്റെ പ്രവർത്തനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, മലയാളത്തിൽ ‘നമസ്കാരം’ പറഞ്ഞുകൊണ്ട് പ്രസംഗം ആരംഭിച്ച കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, വിദ്വേഷ രാഷ്ട്രീയത്തിനുള്ള മറുപടിയാണ് ഗുരുദേവ ദർശനമെന്ന് പറഞ്ഞു. വിഭജനത്തിന്റെ രാഷ്ട്രീയത്തെ എതിർത്ത് തോൽപ്പിക്കണമെന്നും, ഇന്ത്യയുടെ ശക്തി ഏകതയിലല്ല, തുല്യതയിലാണെന്നും ശിവഗിരി ഓർമിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സമ്മേളനത്തിന് അധ്യക്ഷത വഹിച്ച ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, അദ്വൈതം എന്ന ധർമ്മശാസ്ത്ര ചിന്താ പദ്ധതിയെ ശ്രീനാരായണഗുരു പ്രായോഗിക ജീവിത പദ്ധതിയാക്കിയതാണെന്ന് പറഞ്ഞു. വിഭാഗീയത ഇല്ലാതെ സർവരും സാഹോദര്യത്തോടെ കഴിയുന്ന ഏകലോകമാണ് ഗുരു വിഭാവനം ചെയ്തതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

മന്ത്രി വി.എൻ. വാസവൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ, എംപിമാർ, എംഎൽഎമാർ അടക്കമുള്ളവർ ശിവഗിരി തീർത്ഥാടന സമ്മേളനത്തിൽ പങ്കെടുത്തു.

malayalampulse

malayalampulse