വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോ യുഎസ് കസ്റ്റഡിയിൽ | ഡൊണാൾഡ് ട്രംപ്

വെനസ്വേലയിൽ യുഎസ് സൈനിക ആക്രമണം നടത്തിയതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും യുഎസ് കസ്റ്റഡിയിൽ എടുത്തതായി ട്രംപ് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴി അവകാശപ്പെട്ടു.

വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും അദ്ദേഹത്തിന്റെ ഭാര്യയെയും ബന്ദിയാക്കി രാജ്യത്തിന് പുറത്തേക്ക് മാറ്റിയതായും ട്രംപ് വ്യക്തമാക്കി. യുഎസ് നിയമപാലകരുമായി സഹകരിച്ചാണ് ഓപ്പറേഷൻ നടപ്പാക്കിയതെന്നും, കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും ട്രംപ് ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ കുറിച്ചു.

വെനസ്വേല തലസ്ഥാനമായ കാരക്കാസ് അടക്കം ഏഴ് ഇടങ്ങളിലാണ് ഇന്ന് വൻ സ്ഫോടനങ്ങൾ ഉണ്ടായത്. ആക്രമണത്തിന് ഉത്തരവിട്ടത് ഡൊണാൾഡ് ട്രംപാണെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. യുഎസ് ആർമിയുടെ ഹെലികോപ്റ്ററുകളാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.

ഫോർട്ട് ടിയുന സൈനിക താവളത്തിനും ലാ കാർലോട്ട വ്യോമതാവളത്തിനും സമീപത്താണ് പ്രധാന സ്ഫോടനങ്ങൾ നടന്നത്. ആകെ ഏഴ് കേന്ദ്രങ്ങളിലാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം വെനസ്വേലക്കെതിരെ കരയാക്രമണം നടത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് സൈനിക നീക്കം.

വെനസ്വേലയുടെ എണ്ണ, ധാതു വിഭവങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണമാണിതെന്ന സൂചനകളും ശക്തമാണ്. അമേരിക്കയുടെ സൈനിക പദ്ധതി വിജയിക്കില്ലെന്ന് വെനസ്വേല പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

malayalampulse

malayalampulse