നരേന്ദ്ര മോദി കൂടിക്കാഴ്ചയ്ക്ക് അഭ്യർഥിച്ചു; താരിഫും റഷ്യൻ എണ്ണയും ചർച്ചയായി: ട്രംപ്

വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്കൊപ്പം കൂടിക്കാഴ്ചയ്ക്കായി നേരിട്ട് അഭ്യർഥിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. അഭ്യർഥനയ്ക്ക് പിന്നാലെ ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടന്നതായും ട്രംപ് പറഞ്ഞു. കൂടിക്കാഴ്ചയിൽ വ്യാപാര തീരുവ (ടാരിഫ്), റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി, അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ വിതരണം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായതായി ട്രംപ് വ്യക്തമാക്കി.

മോദിയുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും, എന്നാൽ അമേരിക്ക ഏർപ്പെടുത്തിയ ഉയർന്ന ടാരിഫ് കാരണം പ്രധാനമന്ത്രിക്ക് ചില നീരസം ഉണ്ടായിരുന്നുവെന്നും ട്രംപ് പറഞ്ഞു. ടാരിഫ് വർധനവിനെ തുടർന്ന് മോദി ഇപ്പോൾ അത്ര സന്തുഷ്ടനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ ഗണ്യമായി കുറച്ചിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. യുക്രെയ്ൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് പിന്തുണ നൽകുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് യുഎസ് ഇന്ത്യയ്ക്ക് മേൽ 50 ശതമാനം വരെ ടാരിഫ് ഉയർത്തിയിരുന്നത്. റഷ്യൻ എണ്ണ ഇറക്കുമതിയെക്കുറിച്ചുള്ള യുഎസ് ആശങ്കകൾ പരിഹരിച്ചില്ലെങ്കിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ തീരുവ ചുമത്തുമെന്ന് വാഷിംഗ്ടൺ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതിനിടെ, റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ ഇന്ത്യ കുറച്ചതോടെ ടാരിഫ് നിരക്കിൽ ഇളവ് നൽകാൻ സാധ്യതയുണ്ടെന്ന സൂചനയും ട്രംപ് നൽകി.

അമേരിക്കൻ നിർമിത അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ വിതരണവുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രി മോദി നേരിട്ട് വിളിച്ച് കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയതെന്നും ട്രംപ് പറഞ്ഞു. വർഷങ്ങൾക്ക് മുൻപ് ഇന്ത്യ ഓർഡർ നൽകിയ അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ വിതരണം ഇതുവരെ പൂർത്തിയായിട്ടില്ലെന്നും, ഇത് വേഗത്തിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദശകത്തിൽ അമേരിക്കയിൽ നിന്നുള്ള പ്രതിരോധ ഉപകരണങ്ങൾ ഏറ്റവും കൂടുതൽ വാങ്ങിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

malayalampulse

malayalampulse