“കൈകാലുകൾ ബന്ധിച്ച ജീവിതം; സഭാ നേതൃത്വത്തിന്റെ നിശബ്ദതയാണ് തെരുവിലേക്കെത്തിച്ചത്” – വെളിപ്പെടുത്തലുമായി അതിജീവിത

തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതിയെത്തുടർന്ന് നേരിടേണ്ടി വന്ന കടുത്ത യാതനകളും ഒറ്റപ്പെടുത്തലും തുറന്നുപറഞ്ഞ് അതിജീവിത. കൈകാലുകൾ ബന്ധിച്ച നിലയിലാണ് ഇപ്പോഴത്തെ ജീവിതമെന്നും, പീഡന പരാതി സഭയ്ക്കകത്ത് ഉന്നയിച്ചതോടെയാണ് തന്നെ പൂർണമായി ഒറ്റപ്പെടുത്തിയതെന്നും അതിജീവിത വ്യക്തമാക്കി.

പരാതി ഉന്നയിച്ചതിന്റെ പേരിൽ കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചുവെന്നും, പണം ലഭിക്കാത്തതിനാലാണ് പരാതി നൽകിയതെന്ന വ്യാജ പ്രചാരണം വരെ തനിക്കെതിരെ നടത്തിയെന്നും അതിജീവിത ആരോപിച്ചു. എന്നാൽ രൂപതയിൽ നിന്നോ ബിഷപ്പ് ഫ്രാങ്കോയിൽ നിന്നോ ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്ന് അവർ വ്യക്തമായി പറഞ്ഞു.

“കഴിഞ്ഞ എട്ട് വർഷമായി അനന്തമായ യാതനകളാണ് അനുഭവിക്കുന്നത്. ഒറ്റപ്പെടുത്തലും കല്ലേറും കാരണം മൂന്ന് കന്യാസ്ത്രീകൾ സഭ വിട്ടു. ഇപ്പോൾ ഞങ്ങൾ മൂന്നു പേർ മഠത്തിൽ തയ്യൽ ജോലി ചെയ്താണ് ജീവിക്കുന്നത്. സഭാ നേതൃത്വത്തിന്റെ നിശബ്ദതയാണ് ഞങ്ങളെ തെരുവിലേക്കെത്തിച്ചത്,” അതിജീവിത പറഞ്ഞു.

പീഡനത്തെക്കുറിച്ച് പതിമൂന്ന് തവണ സംഭവിച്ചിട്ടും എന്തുകൊണ്ട് മിണ്ടാതിരുന്നുവെന്ന ചോദ്യത്തിന് ഭയമാണ് കാരണം എന്നും അവർ വിശദീകരിച്ചു. “ഒരു കന്യാസ്ത്രീയ്ക്ക് ഏറ്റവും പ്രധാനപ്പെട്ടത് ചാരിത്ര്യ ശുദ്ധിയാണ്. അത് നഷ്ടപ്പെട്ടു എന്ന് പൊതുസമൂഹത്തിന് മുന്നിൽ വന്നാൽ സഭയിൽ നിന്ന് പുറത്താക്കപ്പെടുമെന്ന ഭയമുണ്ടായിരുന്നു. ‘മഠം ചാടി’ എന്ന അപമാനമാണ് പിന്നീടുണ്ടാകുക. അത് തനിക്കും കുടുംബത്തിനും ഒരിക്കലും മായാത്ത നാണക്കേടാകും,” അതിജീവിത പറഞ്ഞു.

മുഖം മറയ്ക്കാതെ പൊതുജനങ്ങൾക്ക് മുന്നിൽ വരാൻ ധൈര്യം ലഭിച്ചത് മുഖ്യമന്ത്രിയുടെ ചടങ്ങിൽ കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടി പങ്കെടുത്തതോടെയാണെന്നും അവർ കൂട്ടിച്ചേർത്തു. പല മഠങ്ങളിലും സമാനമായ അനുഭവങ്ങൾ മറ്റുള്ളവർക്കും ഉണ്ടെന്നതും അതിജീവിത വെളിപ്പെടുത്തി.

malayalampulse

malayalampulse