തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നൂറ് സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് അമിത ആത്മവിശ്വാസമല്ല, മറിച്ച് കോൺഫിഡൻസാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ ശക്തമായ രാഷ്ട്രീയാന്തരീക്ഷമാണ് നിലനിൽക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
മുൻകൂട്ടി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന രീതി കോൺഗ്രസിനില്ലെന്നും, തെരഞ്ഞെടുപ്പിന് ശേഷം ജനവിധിയനുസരിച്ചായിരിക്കും നേതൃത്വം തീരുമാനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല സ്വർണക്കൊള്ള കേസിൽ ഉൾപ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്നും, മന്ത്രിമാരുൾപ്പെടെ കേസിൽ പ്രതികളുണ്ടെന്നാണ് ലഭ്യമായ വിവരമെന്നും അദ്ദേഹം പറഞ്ഞു. ആരായാലും നിയമപരമായ നടപടികൾ നേരിടേണ്ടിവരുമെന്നും ചെന്നിത്തല വ്യക്തമാക്കി. നിലവിൽ എസ്ഐടി അന്വേഷണം പുരോഗമിക്കുകയായതിനാൽ, ഇതിൽ അന്തിമതീർപ്പ് കൽപ്പിക്കേണ്ട സമയമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ ശബരിമല സ്വർണക്കൊള്ളയിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും കെ. മുരളീധരൻ പ്രതികരിച്ചു. ഇന്ന് അറസ്റ്റിലാകാത്തവർ അന്ന് അകത്താകുമെന്നും അദ്ദേഹം പറഞ്ഞു. യഥാർഥ കള്ളന്മാർ പുറത്തുവരുന്നതുവരെ കോൺഗ്രസിന്റെ പ്രതിഷേധം തുടരുമെന്നും മുരളീധരൻ വ്യക്തമാക്കി.
ദേവസ്വം ബോർഡ് ഭരണകർത്താക്കൾ മാത്രം വിചാരിച്ചാൽ സ്വർണം കടത്തിക്കൊണ്ടുപോകാൻ കഴിയില്ലെന്നും, മന്ത്രിമാർ അറിഞ്ഞില്ലെങ്കിൽ പിന്നെ അവർ മന്ത്രിമാരായി ഇരിക്കുന്നത് എന്തിനാണെന്നും മുരളീധരൻ ചോദിച്ചു. സ്വന്തം വകുപ്പിന് കീഴിൽ ഇത്ര വലിയ കൊള്ള നടന്നിട്ടും അത് കണ്ടെത്താനായില്ലെന്ന വാദം വിശ്വസിക്കാൻ കഴിയില്ലെന്നും അദ്ദേഹം വിമർശിച്ചു.
എല്ലാം തന്ത്രിയിൽ അവസാനിപ്പിക്കാമെന്ന് സർക്കാർ കരുതേണ്ടെന്നും, എന്നാൽ തന്ത്രിയുടെ അറസ്റ്റ് തെറ്റാണെന്ന് പറയുന്നില്ലെന്നും മുരളീധരൻ പറഞ്ഞു. തന്ത്രി കണ്ഠർ രാജീവർ നിരപരാധിയാണെങ്കിൽ അത് കോടതിയിൽ തെളിയിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്ഐടി അന്വേഷണം ബാറ്ററി ഡൗൺ ആയ വാഹനത്തെ പോലെയാണെന്നും, കോടതിയുടെ വിമർശനം ഉണ്ടാകുമ്പോഴാണ് അത് ഉണർന്നു പ്രവർത്തിക്കുന്നതെന്നും മുരളീധരൻ ആരോപിച്ചു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ തന്ത്രിയുടെ അന്നത്തെ നിലപാടായിരുന്നു ശരിയെന്നും, ഇപ്പോൾ ആചാരലംഘനം നടത്തിയിട്ടുണ്ടെങ്കിൽ അന്വേഷണം വഴി അത് തെളിയിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
