തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവറെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ എംഐസിയു-1 ലാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. കൂടുതല്‍ പരിശോധനകള്‍ക്കായി തന്ത്രിയെ അഡ്മിറ്റ് ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ന് രാവിലെ കണ്ഠരര് രാജീവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആദ്യം തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. ഇവിടെ ഇസിജി അടക്കമുള്ള പരിശോധനകള്‍ നടത്തിയ ശേഷം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഡ്രോപ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്കായി തുടര്‍ന്ന് ഐസിയുവിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം, ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള ബന്ധം, സാമ്പത്തിക ഇടപാടുകള്‍ എന്നിവ സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി എസ്ഐടി തന്ത്രിയുടെ വീട്ടില്‍ പരിശോധന നടത്തി. ഇന്ന് ഉച്ചയോടെയാണ് എസ്ഐടി സംഘം ചെങ്ങന്നൂരിലെ താഴ്മണ്‍ മഠത്തിലെത്തി പരിശോധന ആരംഭിച്ചത്. എസ്ഐടിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പതിമൂന്നാം പ്രതിയാണ് കണ്ഠരര് രാജീവര്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ തന്ത്രി പങ്കാളിയാണെന്നും, കട്ടിള പാളിയിലെ സ്വര്‍ണം, പ്രഭാപാളി എന്നിവ നീക്കം ചെയ്തപ്പോള്‍ ഇടപെടാതെ ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്നും എസ്ഐടിയുടെ റിപ്പോട്ടില്‍ വ്യക്തമാക്കുന്നു. ഒന്നാം, ഒമ്പതാം, പത്താം പ്രതികളുമായി ചേര്‍ന്ന് ലാഭം ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നും റിപ്പോട്ടില്‍ പറയുന്നു.
