കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സമദൂരം പാലിക്കില്ലെന്ന് പ്രഖ്യാപിച്ച് ലത്തീൻ കത്തോലിക്ക സഭ. രാഷ്ട്രീയ പാർട്ടികൾക്ക് മുന്നിൽ 12 ആവശ്യങ്ങളാണ് സഭ അവതരിപ്പിച്ചിരിക്കുന്നത്. ഈ ആവശ്യങ്ങളോട് സ്വീകരിക്കുന്ന നിലപാടിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പിൽ പിന്തുണ നൽകുകയെന്ന് സഭ വ്യക്തമാക്കി.
ലത്തീൻ കത്തോലിക്കർക്കു സമുദായ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ തടസ്സങ്ങൾ നീക്കണം, ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. ലത്തീൻ കത്തോലിക്കാ സമുദായത്തിന് ഭരണത്തിലുളള പങ്കാളിത്തം ഉറപ്പാക്കണമെന്നും സഭ ആവശ്യപ്പെട്ടു.
തീരദേശ ഹൈവേയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണം, സംസ്ഥാനത്ത് ജാതി സെൻസസ് നടപ്പാക്കണം, ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ടുവച്ചു. തോട്ടം മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, വന്യജീവികൾ ഉയർത്തുന്ന ഭീഷണികൾക്ക് ഫലപ്രദമായ പരിഹാരം കണ്ടെത്തുക, മുനമ്പം പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുക എന്നിവയും സഭയുടെ ആവശ്യങ്ങളിലുണ്ട്.
സഭയുടെയും സാമുദായിക നേതാക്കളുടെയും പേരിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണം. പരിവർത്തിത ക്രൈസ്തവ ശുപാർശ വിഭാഗ വികസന കോർപ്പറേഷൻ പരിവർത്തിത ക്രൈസ്തവർക്ക് മാത്രമായി ക്രമീകരിക്കണം. ഭിന്നശേഷി നിയമന വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും, എൻഎസ്എസിന് ലഭിച്ച ആനുകൂല്യങ്ങൾ എല്ലാവർക്കും ലഭ്യമാക്കണമെന്നും സഭ ആവശ്യപ്പെട്ടു. ആംഗ്ലോ–ഇന്ത്യൻ സംവരണം പുനസ്ഥാപിക്കുക, ലത്തീൻ കത്തോലിക്കരുടെ വിദ്യാഭ്യാസ സംവരണം 4 ശതമാനമായി ഉയർത്തുക എന്നിവയും ആവശ്യങ്ങളിലുണ്ട്.
ഈ വിഷയങ്ങളിൽ അനുകൂല തീരുമാനമെടുക്കുന്ന രാഷ്ട്രീയ ശക്തികൾക്ക് പിന്തുണ നൽകുമെന്നാണ് കത്തോലിക്ക സമുദായത്തിന്റെ രാഷ്ട്രീയകാര്യ സമിതി അംഗീകരിച്ച പ്രമേയത്തിൽ വ്യക്തമാക്കുന്നത്. പ്രായോഗിക രാഷ്ട്രീയത്തിന് ഊന്നൽ നൽകിയ സമീപനമായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വീകരിക്കുകയെന്നും സഭ അറിയിച്ചു.
