ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ പി.എസ്.എൽ.വി-സി 62 റോക്കറ്റ് ഇന്ന് വിക്ഷേപിക്കും. രാവിലെ ഇന്ത്യൻ സമയം 10:17ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം നടക്കുക. ഭൗമനിരീക്ഷണ ഉപഗ്രഹമായ ‘അന്വേഷ’ ഉൾപ്പെടെ പതിനഞ്ചിലധികം ഉപഗ്രഹങ്ങളാണ് ഈ ദൗത്യത്തിലുള്ളത്.
മൗറീഷ്യസ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 18 സഹ-പാസഞ്ചർ ഉപഗ്രഹങ്ങളും യൂറോപ്യൻ ഡെമോൺസ്ട്രേറ്ററായ കെസ്ട്രൽ ഇൻീഷ്യൽ ഡെമോൺസ്ട്രേറ്ററും ദൗത്യത്തിൽ ഉൾപ്പെടുന്നു. ഹൈപ്പർ സ്പെക്ട്രൽ ഇമേജിംഗ് ഉപഗ്രഹമായ ‘അന്വേഷ’ പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO) വികസിപ്പിച്ചതാണ്. കൃഷി, നഗര ഭൂപട നിർമാണം, പരിസ്ഥിതി വിശകലനം തുടങ്ങിയ മേഖലകളിൽ തന്ത്രപരമായ നിരീക്ഷണത്തിനാണ് ഉപഗ്രഹം ഉപയോഗിക്കുക.
ഇന്ത്യൻ സ്റ്റാർട്ടപ്പായ ഓർബിറ്റ് എയിഡ് വികസിപ്പിച്ച ആയുൽസാറ്റ് ഉപഗ്രഹം ബഹിരാകാശത്ത് വച്ച് ഇന്ധനം നിറയ്ക്കുന്ന സാങ്കേതിക വിദ്യയുടെ പരീക്ഷണമാണ് ലക്ഷ്യമിടുന്നത്. ഈ പരീക്ഷണം വിജയകരമായാൽ, അത് ബഹിരാകാശ ദൗത്യ ചരിത്രത്തിലെ ഒരു പ്രധാന നാഴികകല്ലായി മാറും.
അതേസമയം, 2025 മേയ് 18ന് വിക്ഷേപിച്ച പിഎസ്എൽവി-സി 61 ദൗത്യം പരാജയപ്പെട്ടിരുന്നു. വിക്ഷേപണത്തിന് എട്ട് മിനിറ്റിന് ശേഷം ദൗത്യം പരാജയപ്പെട്ടതായി ഐഎസ്ആർഒ പ്രഖ്യാപിക്കുകയായിരുന്നു. റോക്കറ്റിന്റെ മൂന്നാം ഘട്ടത്തിലെ സാങ്കേതിക പ്രശ്നമാണ് പരാജയത്തിന് കാരണമായത്. എന്നാൽ ഈ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ സമിതി റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
