കെ.പി ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന് കോടതി; ദേവസ്വം ബോർഡിനും രൂക്ഷ വിമർശനം
കൊച്ചി:
ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) സ്വീകരിക്കുന്ന നിലപാടിനെതിരെ ഹൈക്കോടതിയുടെ കടുത്ത വിമർശനം. കേസിലെ പ്രധാന പ്രതിയായ കെ.പി ശങ്കർദാസിനെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന ചോദ്യമാണ് കോടതി ഉയർത്തിയത്. പ്രതിചേർക്കപ്പെട്ട ദിവസം മുതൽ ഇയാൾ ആശുപത്രിയിലാണെന്നും, മകന്‍ എസ്പിയായതിനാലാണോ അറസ്റ്റ് വൈകുന്നതെന്നും ഹൈക്കോടതി ചോദിച്ചു.
മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമാണ് കെ.പി ശങ്കർദാസ്. അന്വേഷണത്തിലെ ഈ വൈകിപ്പിക്കൽ ഗുരുതരമാണെന്ന് കോടതി വിലയിരുത്തി.
ജാമ്യാപേക്ഷകളിൽ വിധി മാറ്റിവെച്ചു
കേസിലെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷകളിൽ ഹൈക്കോടതി വിധി പറയാൻ മാറ്റി. പത്മകുമാർ, മുരാരി ബാബു, ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകളാണ് പരിഗണിച്ചത്. ജസ്റ്റിസ് എ. ബദറുദ്ദീനാണ് ഹരജികൾ പരിഗണിച്ചത്.
ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെയും വിമർശനം
ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെയും ഹൈക്കോടതി വിമർശനം ഉന്നയിച്ചു. ചെറിയ ഇരയിട്ട് വലിയ മീനിനെ പിടിക്കുകയാണ് ലക്ഷ്യമെന്ന പരാമർശവും കോടതി നടത്തി. പത്മകുമാർ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ദേവസ്വം ബോർഡിനെതിരെ കടുത്ത ചോദ്യങ്ങൾ
തിരുവിതാംകൂർ ദേവസ്വം ബോർഡിനും ഹൈക്കോടതിയുടെ കടുത്ത വിമർശനം.
എല്ലാ കാര്യങ്ങളും ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചതെന്തിനാണെന്ന് കോടതി ചോദിച്ചു.
“പിന്നെന്തിനാണ് ദേവസ്വം ബോർഡ്? ദേവസ്വം ബോർഡിന്റെ ചുമതല എന്താണ്?” എന്ന ചോദ്യങ്ങളും കോടതി ഉയർത്തി.
ഗോവർധന്റെ വാദം: ചെലവിന്റെ രേഖകൾ ഹാജരാക്കി
പ്രതി ഗോവർധൻ കോടതിയിൽ വിശദമായ വാദങ്ങൾ ഉന്നയിച്ചു.
ശബരിമലയ്ക്കായി ഇതുവരെ ഒരു കോടി 40 ലക്ഷം രൂപ ചെലവാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 25 ദിവസമായി ജയിലിലാണ്. ശബരിമലയിൽ നിന്നു വാങ്ങിയ മുഴുവൻ സ്വർണ്ണത്തിനും പണം നൽകിയിട്ടുണ്ടെന്നും അതിന്റെ രേഖകൾ കോടതിയിൽ ഹാജരാക്കിയെന്നും ഗോവർധൻ അറിയിച്ചു.
ഇപ്പോൾ ഉപയോഗത്തിലുള്ള ശ്രീകോവിൽ വാതിലും കട്ടിളപ്പാളിയുമെല്ലാം താൻ നിർമിച്ചു നൽകിയതാണെന്നും, ശബരിമല അയ്യപ്പന്റെ വലിയ ഭക്തനാണെന്നും ഗോവർധൻ വ്യക്തമാക്കി. അന്വേഷണത്തോടും ചോദ്യം ചെയ്യലിനോടും പൂർണമായി സഹകരിക്കാമെന്നും ജാമ്യം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
