മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വീട്: ഭൂമി വാങ്ങി കോൺഗ്രസ്

വയനാട്: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് പുതിയ ഭവനങ്ങൾ നിർമ്മിക്കുന്നതിനായി കോൺഗ്രസ് ഭൂമി വാങ്ങി. മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റ പ്രദേശത്ത് മൂന്നേകാൽ ഏക്കർ ഭൂമിയാണ് രജിസ്റ്റർ ചെയ്തത്.

കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്ൻ്റെ പേരിലാണ് ഭൂമി വാങ്ങിയിരിക്കുന്നത്. ദുരന്തബാധിതർക്കായുള്ള ഭവന നിർമ്മാണത്തിനായി ഇനിയും രണ്ട് ഇടങ്ങളിൽ കൂടി ഭൂമി വാങ്ങുമെന്ന് ഡിസിസി പ്രസിഡൻ്റ് ടി.ജെ. ഐസക് അറിയിച്ചു.

ദുരന്തബാധിതർക്കുള്ള കെപിസിസി ഭവന നിർമാണ പദ്ധതി പുരോഗതി കൈവരിക്കാത്തതിനെ തുടർന്ന് സിപിഐഎം മുൻപ് രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. കോൺഗ്രസിന്റെ ജന്മദിനമായ ഡിസംബർ 28-ന് ഭവന നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് കോൺഗ്രസ് എംഎൽഎ ടി. സിദ്ദിഖ് വാഗ്ദാനം ചെയ്തിരുന്നു.

എന്നാൽ, വീട് നിർമാണത്തിനുള്ള ഭൂമി പോലും കോൺഗ്രസ് കണ്ടെത്തിയിട്ടുണ്ടോ എന്ന ചോദ്യം സിപിഐഎം ജില്ലാ സെക്രട്ടറി കെ. റഫീഖ് ഉയർത്തിയിരുന്നു. ഈ വിമർശനങ്ങൾക്ക് പിന്നാലെയാണ് ഭൂമി വാങ്ങിയെന്ന വിവരം പുറത്തുവരുന്നത്.

malayalampulse

malayalampulse