തിരുവനന്തപുരം: രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കായി ശബ്ദമുയർത്തുന്നതും അവർ വേട്ടയാടപ്പെടുന്നിടത്ത് ഓടിയെത്തുന്നതും ഇടതുപക്ഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരളയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും ന്യൂനപക്ഷങ്ങൾക്ക് ജീവിതം ദുസ്സഹമാകുന്ന സാഹചര്യമാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്രൈസ്തവ സമൂഹത്തിനെതിരെയും അതിക്രമങ്ങൾ വർധിച്ചുവരികയാണ്. എന്നാൽ കേരളത്തിൽ ന്യൂനപക്ഷങ്ങൾക്ക് സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യമാണുള്ളത്. മറ്റ് സംസ്ഥാനങ്ങളിലേതുപോലെ ഇവിടെ വേവലാതിപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് കഴിഞ്ഞ ഒരു പതിറ്റാണ്ടായി വർഗീയ സംഘർഷങ്ങളില്ലാത്തത് സർക്കാർ സ്വീകരിച്ച കർശന നിലപാടുകളുടെ ഫലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുൻകാലങ്ങളിൽ കേരളത്തിൽ നിരവധി വർഗീയ സംഘർഷങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അത് മാറ്റിനിർത്താൻ സാധിച്ചു. എല്ലാ തരത്തിലുള്ള വർഗീയതയോടും സർക്കാർ കർക്കശ സമീപനമാണ് സ്വീകരിക്കുന്നത്. തെറ്റുചെയ്യുന്നവരെ സംരക്ഷിക്കില്ലെന്ന നിലപാടിൽ യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂനപക്ഷങ്ങൾക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും കേരളത്തിൽ യാതൊരു വിവേചനവും നേരിടേണ്ടി വരുന്നില്ല. അധികാരത്തിൽ ചിലർ ഉണ്ടായാൽ മാത്രമേ ന്യൂനപക്ഷങ്ങൾക്ക് അർഹമായത് ലഭിക്കൂവെന്ന പ്രചാരണം തെറ്റാണെന്നും, ലൈഫ് പദ്ധതി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ എല്ലാ വിഭാഗങ്ങൾക്കും ഒരുപോലെ ലഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വർഗീയത സമൂഹത്തിന് ആപത്തേ സൃഷ്ടിക്കൂവെന്നും, അതുമായി വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നതാണ് സർക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു വർഗീയതയെ മറ്റൊരു വർഗീയതകൊണ്ട് ചെറുക്കാൻ കഴിയില്ല. ഭൂരിപക്ഷ വർഗീയതയെ ന്യൂനപക്ഷ വർഗീയതകൊണ്ട് നേരിടാനുള്ള ശ്രമങ്ങൾ ആത്മഹത്യാപരമാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും സംഘർഷങ്ങൾ ഉണ്ടാകുമ്പോഴും കേരളം ശാന്തിതീരമായി നിലകൊള്ളുന്നത് മതനിരപേക്ഷ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതുകൊണ്ടാണെന്നും, ഈ സമീപനം ഇനിയും തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
