ടുണിസ്: ടുണീഷ്യയെ പിടിച്ചുലച്ച് രൂക്ഷമായ പ്രളയം. ഇതുവരെ നാല് പേർ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. 70 വർഷത്തിനിടെ രാജ്യം കണ്ട ഏറ്റവും വലിയ പ്രളയമാണിത് എന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. വരും ദിവസങ്ങളിൽ മഴയുടെ ശക്തി ഇനിയും വർധിക്കുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ചൊവ്വാഴ്ച മൊണാസ്റ്റിർ ഗവർണറേറ്റിലെ മോക്നൈൻ മേഖലയിലാണ് നാല് പേർ മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ശക്തമായ മഴയും വെള്ളപ്പൊക്കവും ജനജീവിതം പൂർണ്ണമായും സ്തംഭിപ്പിച്ചിരിക്കുകയാണ്.
1950ന് ശേഷം ടുണീഷ്യ നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രളയമാണിതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രളയം രൂക്ഷമായ നെബൂൾ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ കഴിഞ്ഞ നാല് ദിവസമായി സ്കൂളുകളും സർക്കാർ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്.
രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായും സൈന്യം ഉൾപ്പെടെയുള്ള വിഭാഗങ്ങൾ സജീവമായി രംഗത്തുണ്ടെന്നും അധികൃതർ അറിയിച്ചു. രാജ്യത്തെ ചില പ്രദേശങ്ങളിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്നും കാലാവസ്ഥ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
തിങ്കളാഴ്ച വൈകുന്നേരം വരെ ടുണീഷ്യയുടെ പ്രാന്തപ്രദേശമായ സിദി ബൗ സെയ്ദിൽ 206 മില്ലീമീറ്റർ മഴ രേഖപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്. ശക്തമായ മഴ തുടരുമെന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു.
