വയനാട് ബ്രഹ്മഗിരി സൊസൈറ്റിയിൽ കള്ളപ്പണം വെളുപ്പിക്കൽ: ജീവനക്കാരന്റെ ഗുരുതര ആരോപണം

വയനാട്: സിപിഐഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി സൊസൈറ്റിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ജീവനക്കാരൻ രംഗത്ത്. ബ്രഹ്മഗിരി സൊസൈറ്റിയിൽ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് ഓഫീസ് അറ്റൻഡറായി ജോലി ചെയ്തിരുന്ന നൗഷാദിന്റെ വെളിപ്പെടുത്തൽ.

2021-ൽ ചാക്കുകളിലാക്കി പണം സൊസൈറ്റിയിലേക്ക് എത്തിച്ച് ജീവനക്കാരുടെ അക്കൗണ്ടുകൾ വഴി നിക്ഷേപം നടത്തിയതായാണ് നൗഷാദ് ആരോപിക്കുന്നത്. ബത്തേരിയിലെ ഒരു ബാങ്ക് മുഖേനയാണ് ഈ ഇടപാടുകൾ നടന്നതെന്നും, ചാക്കുകളിൽ കള്ളപ്പണം കടത്തി ബ്രഹ്മഗിരിയിൽ എത്തിച്ചതിന് താൻ നേരിട്ട് സാക്ഷിയാണെന്നും നൗഷാദ് വ്യക്തമാക്കി.

2021-ലെ ചിത്രങ്ങൾ ഉൾപ്പെടെ പുറത്തുവിട്ടാണ് നൗഷാദ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ നിരവധി ഗുരുതര ക്രമക്കേടുകൾ സൊസൈറ്റിയിൽ നടന്നിട്ടുണ്ടെന്നും, ഏത് അന്വേഷണ ഏജൻസിക്ക് മുൻപിലും കാര്യങ്ങൾ തുറന്നു പറയാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

നിക്ഷേപകർ പണം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കുന്നതിനിടെയാണ് പാർട്ടിയെ വെട്ടിലാക്കുന്ന പുതിയ ആരോപണം ഉയർന്നിരിക്കുന്നത്.

malayalampulse

malayalampulse