എസ്എൻഡിപി ഡയറക്ടർ ബോർഡിന് ശേഷം മാത്രമെന്ന് പ്രതികരണം
ആലപ്പുഴ:
സാമുദായിക ഐക്യനീക്കത്തിൽ നിന്ന് എൻഎസ്എസ് പിന്മാറിയതോടെ എസ്എൻഡിപി നേതൃത്വത്തിൽ അക്ഷരാർത്ഥത്തിൽ ഞെട്ടൽ. എൻഎസ്എസ് തീരുമാനം വന്നതിന് മണിക്കൂറുകൾ പിന്നിട്ടിട്ടും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകൻ തുഷാർ വെള്ളാപ്പള്ളിയും പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഇരുവരും മൗനം പാലിച്ചു. എൻഎസ്എസ് നിലപാടിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നും, തുഷാർ എത്തിയതിന് ശേഷം ഡയറക്ടർ ബോർഡ് യോഗം ചേർന്നതിന് പിന്നാലെ മാത്രമേ പ്രതികരണം ഉണ്ടാകൂവെന്നും വെള്ളാപ്പള്ളി അറിയിച്ചു. അതുവരെ മറ്റ് പ്രതികരണങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് എസ്എൻഡിപി നേതൃത്വത്തിന്റെ നിലപാട്. എൻഎസ്എസ് പിന്മാറ്റത്തെക്കുറിച്ചുള്ള പ്രതികരണം പിന്നീട് അറിയിക്കാമെന്ന് തുഷാർ വെള്ളാപ്പള്ളിയും വ്യക്തമാക്കി.
ഇതിനിടെ, ഐക്യനീക്കത്തിൽ നിന്ന് പിന്മാറിയതിന്റെ കാരണങ്ങൾ വിശദീകരിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വീണ്ടും രംഗത്തെത്തി. ബിജെപി–എൻഡിഎയിലെ പ്രമുഖ നേതാവായ തുഷാർ വെള്ളാപ്പള്ളിയെ ഐക്യചർച്ചകൾക്കുള്ള ദൂതനായി നിയോഗിച്ചതിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം ഉണ്ടെന്ന തിരിച്ചറിവാണ് എൻഎസ്എസിന്റെ പിന്മാറ്റത്തിന് കാരണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായ വ്യക്തി ചർച്ചകൾക്ക് നേതൃത്വം നൽകുന്നത് എൻഎസ്എസിന്റെ പ്രഖ്യാപിത നിലപാടുകൾക്ക് വിരുദ്ധമാണെന്നും, ഐക്യം വേണ്ടെന്ന പ്രമേയം താൻ തന്നെയാണ് ഡയറക്ടർ ബോർഡിൽ അവതരിപ്പിച്ചതെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
