പാലക്കാട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായുള്ള പ്രശ്‌നങ്ങൾ ഇനി തീരില്ലെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. അനുനയ നീക്കത്തിന്റെ ഭാഗമായി സതീശന്റെ ദൂതൻ എത്തിയിരുന്നെങ്കിലും, തെറ്റ് പരസ്യമായി ഏറ്റുപറയണമെന്ന തന്റെ ആവശ്യം അംഗീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
എൻ.എസ്.എസ് എല്ലാവരോടും സമദൂരം പാലിക്കുമെന്നും, സമുദായ സംഘടനകൾ രാഷ്ട്രീയ പാർട്ടികളിൽ ഇടപെടരുതെന്നു പറയുന്നവർ സമുദായ സംഘടനകളെ തേടി വരരുതെന്നും സുകുമാരൻ നായർ വ്യക്തമാക്കി. വാക്കും പ്രവൃത്തിയും രണ്ട് തരത്തിലുള്ളതാണ് വി.ഡി. സതീശനുടേതെന്നും, അദ്ദേഹം പറഞ്ഞത് അബദ്ധമാണെന്ന് പരസ്യമായി പറയേണ്ടിയിരുന്നുവെന്നും സുകുമാരൻ നായർ വിമർശിച്ചു.
വി.ഡി. സതീശൻ സിനഡിൽ പങ്കെടുത്തതും അദ്ദേഹം വിമർശിച്ചു. സമുദായ സംഘടനകളെ നിഷേധിക്കുന്ന നിലപാടാണ് സതീശൻ സ്വീകരിച്ചതെന്നും, ആ പരാമർശത്തോടാണ് തനിക്ക് വിയോജിപ്പുള്ളതെന്നും സുകുമാരൻ നായർ പറഞ്ഞു. രാഷ്ട്രീയക്കാർ അല്ലാത്ത നായന്മാർ എൻ.എസ്.എസ് തീരുമാനത്തിന് എതിരായി നിലകൊള്ളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻപ് പറവൂരിലെ എൻ.എസ്.എസ് നേതൃത്വത്തോട് വി.ഡി. സതീശനെ പിന്തുണയ്ക്കണമെന്ന് ഫോണിൽ പറഞ്ഞിരുന്നുവെങ്കിലും, ഇപ്പോൾ സാഹചര്യം മാറിയെന്നും സുകുമാരൻ നായർ പറഞ്ഞു. പറവൂരിലെ സമുദായ അംഗങ്ങൾ അവരുടെ ഇഷ്ടപ്രകാരം തീരുമാനമെടുക്കുമെന്നും, ആര് വന്നാലും കാണുമെന്നും, ആരാണ് ഭരിക്കുന്നതെന്നത് എൻ.എസ്.എസിന് പ്രശ്‌നമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം എൻ.എസ്.എസ്–എസ്.എൻ.ഡി.പി ഐക്യം നടക്കാതെ പോയതിന് പിന്നിൽ ഡയറക്ടർ ബോർഡ് ഇടപെടലാണെന്ന വെള്ളാപ്പള്ളി നടേശന്റെ ആരോപണം സുകുമാരൻ നായർ തള്ളി. ഐക്യത്തിന് ആവശ്യം ഉന്നയിച്ചത് വെള്ളാപ്പള്ളിയാണെന്നും, വിഷയം ഡയറക്ടർ ബോർഡിൽ അവതരിപ്പിച്ചപ്പോൾ ഏകകണ്ഠമായി ഐക്യം വേണ്ടെന്ന് തീരുമാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
തുഷാർ വെള്ളാപ്പള്ളി മൂന്ന് ദിവസത്തിനുള്ളിൽ വരാമെന്ന് അറിയിച്ചെങ്കിലും, എൻ.ഡി.എ നേതാവായതിനാൽ അത്തരം ചർച്ചയിൽ ഇടപെടാൻ കഴിയില്ലെന്ന് അറിയിച്ചെന്നും സുകുമാരൻ നായർ വിശദീകരിച്ചു. ഡയറക്ടർ ബോർഡിൽ ഒരാളും ഐക്യ നിർദേശത്തെ എതിര്‍ത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
എൻ.എസ്.എസ്–എസ്.എൻ.ഡി.പി ഐക്യം ഇനി അടഞ്ഞ അധ്യായമാണെന്നും, രണ്ട് വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുന്നവർ എങ്ങനെ ഒത്തുപോകുമെന്നുമാണ് തന്റെ നിലപാടെന്നും ജി. സുകുമാരൻ നായർ വ്യക്തമാക്കി.
