തിരുവനന്തപുരം: തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ (SIR) ഭാഗമായി വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് പരാതി നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഏകദേശം 25 ലക്ഷം പേരാണ് പുതുക്കിയ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നത്.
ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (BLO) നടത്തിയ പരിശോധനയില്‍ കണ്ടെത്താന്‍ കഴിയാത്തവരെയാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. തയ്യാറാക്കിയ പട്ടിക രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്ത് ലെവല്‍ ഏജന്റ്മാര്‍ക്ക് കൈമാറിയിട്ടുണ്ട്. ഇവരുടെ സഹായത്തോടെ പുറത്തായ വോട്ടര്‍മാരെ കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
അതേസമയം, രേഖകള്‍ ഹാജരാക്കേണ്ടവരുടെ എണ്ണത്തില്‍ കുത്തനെ വര്‍ധനവുണ്ടായിട്ടുണ്ട്. പലര്‍ക്കും ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
അര്‍ഹരായ ഒരാളെപ്പോലും വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ആദ്യം അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി ഈമാസം 22 വരെ ആയിരുന്നു. എന്നാല്‍ സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് സമയപരിധി ഇന്നുവരെ നീട്ടുകയായിരുന്നു.
