ഹൈദരാബാദ്:
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മൂന്ന് കുട്ടികൾ തടസ്സമാകുമെന്ന കാരണത്താൽ ആറുവയസുകാരിയായ മകളെ കനാലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ അച്ഛനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സ്വദേശിയായ പാണ്ഡുരംഗ് കോണ്ഡ്മംഗളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
മഹാരാഷ്ട്രയിൽ രണ്ടിലധികം കുട്ടികളുള്ളവർക്ക് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ നിയമവിലക്കുള്ളതിനാൽ, പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാനായിരുന്നു ഇയാളുടെ ലക്ഷ്യം. ഇതിനായി ഇയാൾ സ്വന്തം മകൾ പ്രാചിയെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.
മഹാരാഷ്ട്രയിൽ നിന്നാണ് പാണ്ഡുരംഗ് കുഞ്ഞുമായി തെലങ്കാനയിലെത്തിയത്. തുടർന്ന് നിസാം സാഗർ കനാലിൽ കുട്ടിയെ എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം കനാലിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയെങ്കിലും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.
പെൺകുട്ടിയുടെ ചിത്രം മറ്റ് പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറിയതോടെയാണ് മൃതദേഹം പാണ്ഡുരംഗിന്റെ കാണാതായ മകൾ പ്രാചിയുടേതാണെന്ന് സ്ഥിരീകരിച്ചത്. തുടർന്നുണ്ടായ അന്വേഷണത്തിൽ, പാണ്ഡുരംഗ് നൽകിയ മൊഴികളിൽ വൈരുദ്ധ്യം കണ്ടെത്തിയ പൊലീസ് ഇയാളുടെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചു.
കൊലപാതകം നടന്ന സമയത്ത് ഇയാൾ തെലങ്കാനയിൽ ഉണ്ടായിരുന്നതായി ലൊക്കേഷൻ സ്ഥിരീകരിച്ചു. വിശദമായ ചോദ്യം ചെയ്യലിൽ, തന്റെ രാഷ്ട്രീയ മോഹങ്ങൾ സഫലമാക്കാനാണ് മകളെ കൊലപ്പെടുത്തിയതെന്ന് പാണ്ഡുരംഗ് സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
പാണ്ഡുരംഗിന് നേരത്തെ ഇരട്ട പെൺകുട്ടികളും പിന്നീട് ഒരു മകനുമാണ് ജനിച്ചിരുന്നത്. മൂന്ന് കുട്ടികൾ ഉള്ളത് രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് തടസ്സമാകുമെന്ന കണ്ടെത്തലാണ് ക്രൂരകൃത്യത്തിന് കാരണമായതെന്നും പൊലീസ് വ്യക്തമാക്കി.
