ന്യൂഡൽഹി: ബിഹാറിൽ നടക്കുന്ന പ്രത്യേക തീവ്ര പുനഃപരിശോധനയ്ക്കിടെ വോട്ടർ പട്ടികയിൽ ‘മരിച്ചവർ’ ആയി രേഖപ്പെടുത്തിയ രണ്ടു പേരെ ജീവനോടെ സുപ്രീംകോടതിയിൽ ഹാജരാക്കി പൊതുപ്രവർത്തകൻ യോഗേന്ദ്ര യാദവ്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ. ബാഗ്ചി എന്നിവരുടെ ബെഞ്ചിന് മുമ്പിൽ വാദിക്കുന്നതിനിടെ, “ദയവായി ഇവരെ കാണൂ. ഇവർ മരിച്ചതായി പ്രഖ്യാപിക്കപ്പെട്ടവരാണ്, പക്ഷേ ജീവനോടെയുണ്ട്” എന്ന് യോഗേന്ദ്ര യാദവ് ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് കമ്മീഷനായി ഹാജരായ സീനിയർ അഭിഭാഷകൻ രാകേഷ് ദ്വിവേദി, ഈ നടപടിയെ “നാടകമെന്ന്” വിശേഷിപ്പിച്ചു. അതേസമയം, “ഇത് ഒരു അശ്രദ്ധയിലെ പിഴവായിരിക്കാം, തിരുത്താനാവുന്നതാണ്” എന്നും ജസ്റ്റിസ് ബാഗ്ചി അഭിപ്രായപ്പെട്ടു.
ബിഹാറിൽ നടക്കുന്ന പ്രത്യേക പുനഃപരിശോധന നടപടിയെ ചോദ്യം ചെയ്യുന്ന നിരവധി ഹർജികൾ ബെഞ്ച് പരിഗണിക്കുകയായിരുന്നു. ഇതിലെ ഹർജിക്കാരിൽ ഒരാളാണ് യോഗേന്ദ്ര യാദവ്. “വോട്ടർ പട്ടികയിൽ പുതുതായി ഒരാളെയും ചേർക്കാതെ പുനഃപരിശോധന നടത്തുന്നത് രാജ്യ ചരിത്രത്തിൽ ആദ്യമാണ്. 65 ലക്ഷം പേരുടെ പേരുകൾ ഒഴിവാക്കി. ഇത് ഒരു കോടി കടക്കുമെന്നുറപ്പ്. ലോകചരിത്രത്തിലെ ഏറ്റവും വലിയ വോട്ടവകാശ നിഷേധത്തിന് നാം സാക്ഷ്യം വഹിക്കുകയാണ്” എന്നും അദ്ദേഹം ആരോപിച്ചു.
