ഇന്ത്യ–അമേരിക്ക വ്യാപാര കരാർ യാഥാർഥ്യത്തിലേക്ക്; നികുതി ഇളവുകൾ പ്രഖ്യാപിച്ച് സംയുക്ത പ്രസ്താവന

ദില്ലി: ഇന്ത്യ–അമേരിക്ക വ്യാപാര കരാർ യാഥാർഥ്യത്തിലേക്ക് കടക്കുന്നു. കരാറിൽ ഒപ്പുവെച്ചതുമായി ബന്ധപ്പെട്ട സംയുക്ത പ്രസ്താവന ഇരു രാജ്യങ്ങളും പുറത്തിറക്കി. റഷ്യൻ എണ്ണ വാങ്ങുന്നതിനെ തുടർന്ന് ഇന്ത്യക്കുമേൽ അമേരിക്ക ചുമത്തിയിരുന്ന അധിക തീരുവ ഒഴിവാക്കിയതായി പ്രസ്താവനയിൽ പറയുന്നു. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്കയിൽ പരമാവധി നികുതി 18 ശതമാനമായി കുറച്ചതും പ്രധാന തീരുമാനമായി.

അമേരിക്കയിൽ നിന്നുള്ള നിരവധി ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ തീരുവ ഇളവ് നൽകും. ധാന്യങ്ങൾ, പഴങ്ങൾ ഉൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനും നികുതി ഇളവുണ്ടാകും. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ 50,000 കോടി ഡോളറിന്റെ സാധനങ്ങൾ അമേരിക്ക ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമെന്നാണ് കരാറിൽ വ്യക്തമാക്കുന്നത്.

കാർഷിക, ക്ഷീര മേഖലകളിൽ നിയന്ത്രിത ഇളവുകളാണ് നൽകിയിരിക്കുന്നത്. മണിച്ചോളം, സോയാബീൻ എണ്ണ, പിസ്ത, കശുവണ്ടി, ബദാം, വിവിധ പഴങ്ങൾ എന്നിവയ്ക്ക് ഇന്ത്യ തീരുവ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യും. ഇന്ത്യൻ അരി ഇറക്കുമതിക്ക് മുൻഗണന നൽകുമെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഇന്ത്യയുടെ ക്ഷീര മേഖലയ്ക്ക് സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. ഓറഞ്ച്, പ്ലം, മുന്തിരി, നാരങ്ങ, വാഴപ്പഴം എന്നിവയ്ക്ക് നികുതി ഇളവ് നൽകില്ല. തേയിലയ്ക്ക് തീരുവ കുറയ്ക്കില്ലെന്നും മാങ്ങ ഇറക്കുമതിയിൽ നിയന്ത്രണം തുടരുമെന്നും പ്രസ്താവനയിൽ പറയുന്നു. മസാലകൾ, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയ്ക്കും പൂർണ സംരക്ഷണം തുടരും.

അമേരിക്കൻ മദ്യത്തിന് ഇന്ത്യ തീരുവ കുറയ്ക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ഇന്ത്യയിൽ നിന്ന് റബ്ബർ, പ്ലാസ്റ്റിക്, തുണിത്തരങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ, ചെരുപ്പുകൾ, മരുന്നുകൾ, വിമാന ഭാഗങ്ങൾ, വാഹന സ്പെയർ പാർട്സ് എന്നിവ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നതിലും ഇളവുകൾ ലഭിക്കും.

ഇന്ത്യയ്ക്കുള്ള നികുതി 18 ശതമാനമായി കുറച്ചതായി നേരത്തെ അമേരിക്കൻ പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിരുന്നെങ്കിലും കരാറിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിരുന്നില്ല. ഇപ്പോൾ സംയുക്ത പ്രസ്താവനയിലൂടെ പ്രധാന വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.

അതേസമയം, റഷ്യൻ എണ്ണ വിഷയത്തിൽ സംയുക്ത പ്രസ്താവനയിൽ പരാമർശമില്ല. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന സൂചന ട്രംപ് പുറപ്പെടുവിച്ച ഉത്തരവിൽ ഉണ്ടായിരുന്നെങ്കിലും ഔദ്യോഗിക പ്രസ്താവനയിൽ ഇത് ഉൾപ്പെടുത്തിയിട്ടില്ല. അതിനാൽ ഇക്കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.

malayalampulse

malayalampulse