ചെന്നൈ: ശ്രീരാമനെക്കുറിച്ചുള്ള ഗാനരചയിതാവ് വൈരമുത്തുവിന്റെ പരാമർശം തമിഴ്നാട്ടിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. ‘സീതയിൽ നിന്ന് വേർപിരിഞ്ഞതിന് പിന്നാലെ രാമന്റെ മനോനില തെറ്റി’ എന്ന വൈരമുത്തുവിന്റെ വാക്കുകളാണ് വിവാദത്തിന് കാരണമായത്. ചെന്നൈയിലെ കമ്പാർ കഴകം സംഘടിപ്പിച്ച പരിപാടിയിൽ, മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പങ്കെടുത്തിരിക്കെ, വൈരമുത്തുവാണ് പ്രസ്താവന നടത്തിയത്.
തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ, വൈരമുത്തുവിന്റെ അഭിപ്രായങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. “മുഖ്യമന്ത്രി സ്റ്റാലിൻ, ഈ പ്രസ്താവനയെ പിന്തുണയ്ക്കുന്നുണ്ടോ?” എന്നും അദ്ദേഹം ചോദിച്ചു. ഡിഎംകെ ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
വൈരമുത്തു പ്രസംഗത്തിൽ, ഒളിത്താവളത്തിൽ നിന്ന് ബാലിയെ ആക്രമിച്ചതിന് വാൽമീകിയും ബാലിയും ലോകവും രാമനെ മാപ്പു നൽകിയില്ലെന്നും, എന്നാൽ രാമായണത്തിന്റെ തമിഴ് പതിപ്പ് രചിച്ച കവി കമ്പാർ രാമനെ മാപ്പു നൽകിയതായും പറഞ്ഞു. സീതയിൽ നിന്ന് വേർപിരിഞ്ഞ ശേഷം രാമൻ സ്വന്തം അവസ്ഥ മനസ്സിലാക്കാനാവാത്ത രീതിയിലായിരുന്നുവെന്നും, അത്തരമൊരു അവസ്ഥയിൽ ചെയ്യുന്ന പ്രവർത്തികൾ IPC സെക്ഷൻ 84 പ്രകാരം കുറ്റകരമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബിജെപി, വൈരമുത്തുവിനെ ‘ഹിന്ദു വിരുദ്ധൻ’ എന്ന് വിശേഷിപ്പിക്കുകയും, മതേതരത്വം പറഞ്ഞുനടക്കുന്ന ഡിഎംകെ എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ വാക്കുകളോട് പ്രതികരിക്കാത്തതെന്ന് ചോദിക്കുകയും ചെയ്തു.
വൈരമുത്തുവിന് മുൻപ് അണ്ടാൾ–ദേവദാസി വിവാദത്തിലൂടെയും വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. തമിഴ്നാട്ടിൽ ശ്രീരാമന്റെ പേരിൽ വിവാദം ഉയരുന്നത് പുതുമയല്ല. രാമസേതു പ്രോജക്ട് പ്രഖ്യാപിച്ച സമയത്ത്, “രാമൻ ഏത് എഞ്ചിനീയറിംഗ് കോളജിൽ പഠിച്ചു?” എന്ന കരുണാനിധിയുടെ ചോദ്യവും വലിയ വിവാദമായിരുന്നു.
