പാലക്കാട്: മലമ്പുഴ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്തനായ എ. സുരേഷിനെ മത്സരിപ്പിക്കാൻ പാർട്ടിക്കുള്ളിൽ നീക്കമെന്ന സൂചന. ഇതുസംബന്ധിച്ച് കോൺഗ്രസ് നേതൃത്വം സുരേഷിനെ സമീപിച്ചുവെന്നാണ് വിവരം. സുരേഷ് മത്സരിച്ചാൽ വിജയം നേടാനാകുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
കോൺഗ്രസ് സമീപിച്ച കാര്യം എ. സുരേഷ് സ്ഥിരീകരിച്ചെങ്കിലും, ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷ പ്രവർത്തകനായി തുടരാനാണ് താൽപര്യമെന്നും സുരേഷ് പറഞ്ഞു.
അതേസമയം, സുരേഷ് ഉൾപ്പെടെയുള്ളവർ പാർട്ടിയിൽ ചേർന്നാൽ സ്വീകരിക്കാമെന്ന് പാലക്കാട് ഡി.സി.സി. പ്രസിഡണ്ട് എ. തങ്കപ്പൻ പറഞ്ഞു. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് കെ.പി.സി.സി. നേതൃത്വം ജില്ല നേതൃത്വത്തോട് ഔദ്യോഗികമായി അഭിപ്രായം തേടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലമ്പുഴ രാഷ്ട്രീയപ്രാധാന്യമുള്ള മണ്ഡലമാണ്. ഇ.കെ. നായനാറും വി.എസ്. അച്യുതാനന്ദനും വിജയിച്ച മണ്ഡലമായ ഇവിടെ 2001 മുതൽ തുടർച്ചയായി നാല് തവണ വി.എസ്. അച്യുതാനന്ദൻ നിയമസഭയിലെത്തി.
