ചേർത്തല: മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ വ്യാജ സന്ദേശം അയച്ച് യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു. മരുത്തോർവട്ടം സ്വദേശിയായ യുവാവിനാണ് 2,44,997 രൂപ നഷ്ടമായത്. അതീവ തന്ത്രപരമായ രീതിയിൽ സൈബർ തട്ടിപ്പുകാർ പണം കവർന്ന സംഭവമാണിത്.
യുവാവിന്റെ സഹോദരന്റെ വാഹനത്തിന് പിഴ ചുമത്തിയിട്ടുണ്ടെന്ന് വിശ്വസിപ്പിക്കുന്ന തരത്തിലുള്ള ഒരു എസ്എംഎസ് സന്ദേശമാണ് ഫോണിലേക്ക് എത്തിയത്. സന്ദേശത്തിൽ നൽകിയിരുന്ന ലിങ്ക് തുറന്നപ്പോൾ കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ ഔദ്യോഗിക പോർട്ടലായ mParivahan സൈറ്റിനോട് സാമ്യമുള്ള വെബ്സൈറ്റിലേക്കാണ് പ്രവേശനം ലഭിച്ചത്. കാഴ്ചയിൽ യഥാർത്ഥ വെബ്സൈറ്റാണെന്ന് തോന്നിക്കുന്ന തരത്തിലായിരുന്നു വ്യാജ സൈറ്റിന്റെ രൂപകൽപ്പന.
സന്ദേശം സത്യമാണെന്ന് കരുതി യുവാവ് ലിങ്കിൽ പ്രവേശിച്ച് ഓൺലൈനായി പിഴ അടയ്ക്കാൻ ശ്രമിച്ചു. ഇതിനായി ക്രെഡിറ്റ് കാർഡ് വിവരങ്ങളും പിന്നീട് മൊബൈലിൽ വന്ന ഒടിപി നമ്പറും നൽകിയതോടെ തട്ടിപ്പ് നടന്നു. തുടർന്ന് രണ്ട് തവണകളായി യുവാവിന്റെ അക്കൗണ്ടിൽ നിന്ന് ആകെ 2,44,997 രൂപ പിൻവലിക്കപ്പെട്ടു.
ബാങ്ക് സന്ദേശം ലഭിച്ചതോടെയാണ് താൻ വഞ്ചിക്കപ്പെട്ടതായി യുവാവ് തിരിച്ചറിഞ്ഞത്. ഉടൻ തന്നെ യുവാവ് പോലീസിൽ പരാതി നൽകി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ പണം കൈമാറപ്പെട്ട അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
വാഹന പിഴ അടയ്ക്കുന്നതിനായി മോട്ടോർ വാഹന വകുപ്പ് ഔദ്യോഗിക ലിങ്കുകൾ മാത്രമേ നൽകാറുള്ളൂ. അതിനാൽ സന്ദേശങ്ങളിലൂടെ ലഭിക്കുന്ന ലിങ്കുകൾ തുറക്കുന്നതിനും ഒടിപി നൽകുന്നതിനും മുമ്പ് അവയുടെ ആധികാരികത ഉറപ്പാക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
