തിരുവനന്തപുരം: കോൺഗ്രസിൻ്റെ വർഗീയ പ്രീണനത്തിൽ പ്രതിഷേധിച്ച് പാർടി വിട്ട യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് എൻ എസ് നുസൂർ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കും.
എകെജി സെന്ററിലെത്തിയ നുസൂറിനെ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ, തിരുവനന്തപുരം ജില്ലാ ആക്ടിങ് സെക്രട്ടറി എ എ റഹിം എന്നിവർ ചേർന്ന് സ്വീകരിച്ചു.
“നാല് വോട്ടിന് വേണ്ടി വർഗീയ കക്ഷികളുമായി ചേരാനും ഏതുതരത്തിലുള്ള ഒത്താശകളും നടത്താനും തയ്യാറായ സംഘടനയായി കോൺഗ്രസ് മാറി,” എന്ന് നുസൂർ ആരോപിച്ചു. രാജ്യത്ത് മതേതര മൂല്യങ്ങൾ നിലനിൽക്കണം എന്നും അതിന് വേണ്ടി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് സിപിഐ എം എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസമാണ് കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് നുസൂർ പാർടി വിട്ടത്. കേരളത്തിൽ വർഗീയത ആളിക്കത്തിച്ചത് കോൺഗ്രസാണെന്നും ആ ചുമട് ഇനി താൻ വഹിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരത്ത് കോൺഗ്രസും ബിജെപിയും തമ്മിൽ വോട്ട് കച്ചവടത്തിനായി രഹസ്യ ധാരണയുണ്ടെന്ന് നുസൂർ ആരോപിച്ചു. നഗരസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വോട്ടുകൾ ബിജെപിക്ക് മറിച്ചുകൊടുത്തതായും 1:2 എന്ന അനുപാതത്തിൽ ഡീൽ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
