വാഷിംഗ്ടൺ: ഇന്ത്യക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 25% അധിക തീരുവ ഉൾപ്പെടെ മൊത്തം 50% തീരുവ പ്രാബല്യത്തിൽ വരുമെന്ന് യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വകുപ്പ് പുറത്തിറക്കിയ നോട്ടീസിൽ വ്യക്തമാക്കി. വ്യാഴാഴ്ച രാവിലെ 9:30 (ഇന്ത്യൻ സമയം) മുതലാണ് തീരുവ നിലവിൽ വരുന്നത്.
റഷ്യ–യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കുള്ള ഭീഷണിയാണെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടി.
തീരുവ വർധനയ്ക്ക് പ്രതികരിച്ച് അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് പ്രതികാര തീരുവകൾ ഏർപ്പെടുത്താൻ ഇന്ത്യ ആലോചിക്കുന്നതായി വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു. ഇതിന് പുറമെ, തീരുവ പിൻവലിപ്പിക്കാൻ ട്രംപ് ഭരണകൂടത്തെ സ്വാധീനിക്കുന്നതിന് ഇന്ത്യ വാഷിംഗ്ടണിൽ സ്വകാര്യ ലോബിയിംഗ് കമ്പനികളെ ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, റഷ്യൻ എണ്ണ ഇറക്കുമതി തുടരുമെന്ന് ഇന്ത്യ ഉറച്ച നിലപാട് ആവർത്തിച്ചു. ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതിനാലാണ് റഷ്യയിൽ നിന്ന് വാങ്ങുന്നതെന്ന് മോസ്കോയിലെ ഇന്ത്യൻ അംബാസഡർ വിനയ് കുമാർ വ്യക്തമാക്കി.
അധിക തീരുവ ബാധിക്കുന്ന മേഖലകൾക്ക് ആശ്വാസപാക്കേജ് നൽകുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ യോഗം ചേരും. “എത്ര സമ്മർദ്ദം ഉണ്ടായാലും കർഷകരുടെയും മത്സ്യതൊഴിലാളികളുടെയും ചെറുകിട ഉത്പാദകരുടെയും താൽപര്യം സംരക്ഷിക്കുമെന്ന്” പ്രധാനമന്ത്രി വ്യക്തമാക്കി.
