തിരുവനന്തപുരം: പൊലീസിന്റെ അതിക്രമങ്ങളെക്കുറിച്ച് ഇടത് മുന്നണി യോഗത്തിൽ വിശദീകരണം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പുറത്തുവന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും, തെറ്റുകൾ പുറത്തുവന്നാൽ ബന്ധപ്പെട്ടവർക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വീഴ്ചകൾ പർവതീകരിച്ച് കാണിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും, പൊലീസിന്റെ ഭാഗത്ത് തെറ്റായ പ്രവർത്തനങ്ങൾ സഹിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഏകദേശം 40 മിനിറ്റ് സമയമാണ് അദ്ദേഹം വിശദീകരണത്തിനായി വിനിയോഗിച്ചത്.
ഉയർന്നുവരുന്നത് പഴയ കേസുകളെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ
പഴയ കേസുകളെയാണ് ഇപ്പോൾ ഉയർത്തിക്കാട്ടുന്നതെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ ആരോപിച്ചു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് പൊലീസിന്റെ അതിക്രമങ്ങളിൽ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം ചോദിച്ചു.
പോലീസിന് സമീപനം തന്നെ മാറിയിട്ടുണ്ടെന്നും, തെറ്റുകൾ ചെയ്ത പൊലീസുകാരെ പുറത്താക്കിയിട്ടുണ്ടെന്നും ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി. “പഴയ കേസുകൾ ആണെങ്കിലും കുറ്റക്കാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. പൊലീസിനെ ന്യായീകരിക്കാനോ, ലോക്കപ്പുകൾ മർദ്ദനകേന്ദ്രങ്ങളാക്കാനോ ഇടത് മുന്നണി അനുവദിക്കില്ല” — അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് യാതൊരു കോട്ടവുമില്ലെന്നും, തെറ്റായ പ്രചരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
