ബെർലിൻ: അമേരിക്ക എച്ച്-1ബി വിസ നിയമങ്ങൾ കർശനമാക്കിയ സാഹചര്യത്തിൽ ഇന്ത്യൻ പ്രൊഫഷണലുകളെ ആകർഷിക്കാൻ ജർമ്മനി മുന്നോട്ട്.
യുഎസിന്റെ കടുത്ത നയത്തിന് മറുപടിയായാണ് ജർമ്മൻ അംബാസഡർ ഡോ. ഫിലിപ്പ് അക്കർമാൻ ഇന്ത്യക്കാർക്ക് നേരിട്ട് ക്ഷണം നൽകിയത്.
“ഉയർന്ന വൈദഗ്ധ്യമുള്ള എല്ലാ ഇന്ത്യക്കാരെയും സ്വാഗതം ചെയ്യുന്നു. സുസ്ഥിര കുടിയേറ്റ നയങ്ങളും, ഐടി, മാനേജ്മെന്റ്, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവിടങ്ങളിലെ മികച്ച തൊഴിലവസരങ്ങളും ജർമ്മനിയുടെ ശക്തിയാണ്,” – അക്കർമാൻ പറഞ്ഞു.
ജർമ്മനിയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ, ജർമ്മൻ പൗരന്മാരേക്കാൾ ശരാശരി വരുമാനം കൂടുതലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2023 അവസാനം, ജർമ്മൻ ജീവനക്കാരുടെ ശരാശരി പ്രതിമാസ വരുമാനം 3,945 യൂറോ ആയപ്പോൾ, ഇന്ത്യക്കാരുടെ ശരാശരി 5,359 യൂറോ ആയിരുന്നു.
ട്രംപ് ഭരണകൂടം എച്ച്-1ബി വിസാ ഫീസ് 100,000 ഡോളറായി ഉയർത്തിയ പശ്ചാത്തലത്തിലാണ് ജർമ്മനി ഇന്ത്യക്കാരെ ലക്ഷ്യമിടുന്നത്. 2040 വരെ വർഷം 2,88,000 കുടിയേറ്റക്കാരെ ആവശ്യമുണ്ടാകുമെന്നാണ് കണക്കുകൾ.
2025-ൽ 2,00,000 പ്രൊഫഷണൽ വിസകൾ നൽകുമെന്നും, ഇതിൽ 90,000 വിസകൾ ഇന്ത്യക്കാർക്കായി നീക്കിവെച്ചിട്ടുണ്ടെന്നും ജർമ്മൻ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ ഏകദേശം 1,30,000 ഇന്ത്യക്കാരാണ് ജർമ്മനിയിൽ ജോലി ചെയ്യുന്നത്.
ജർമ്മൻ കാർ പോലെ വിശ്വസനീയവും പ്രവചനാതീതവുമായ ഒരു തൊഴിൽ ഭാവി ഇന്ത്യക്കാരെ കാത്തിരിപ്പുണ്ടെന്ന് അക്കർമാൻ അഭിപ്രായപ്പെട്ടു.
