കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത 33 വാഹനങ്ങൾ ഉടമകളുടെ സേഫ് കസ്റ്റഡിയിലേക്ക് മാറ്റി. 6 വാഹനങ്ങൾ ഇപ്പോഴും കസ്റ്റംസ് കസ്റ്റഡിയിൽ തുടരുകയാണ്. നടൻ ദുൽഖർ സൽമാന്റെ വാഹനം ഉൾപ്പെടെയാണ് കസ്റ്റഡിയിലുള്ളത്. റെയ്ഡ് ആരംഭിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും പിടികൂടാനായത് 39 വാഹനങ്ങൾ മാത്രമാണ്.
ഓപ്പറേഷൻ നുംഖോറിൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിക്കുകയാണ്. പരിശോധന ആരംഭിച്ചതോടെ തന്നെ വിദേശത്ത് നിന്നെത്തിച്ച വാഹനങ്ങൾ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റിയെന്ന നിഗമനത്തിലാണ് കസ്റ്റംസ്. അന്വേഷണത്തിന് തമിഴ്നാട്, കർണാടക പൊലീസിന്റെ സഹായം തേടും.
ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് കേരളത്തിലേക്ക് എത്തിച്ചത് ഏകദേശം 200 വാഹനങ്ങളാണെന്നാണ് കസ്റ്റംസ് വിലയിരുത്തുന്നത്. എന്നാല്‍ ഇതുവരെ കണ്ടെത്തിയത് 39 വാഹനങ്ങൾ മാത്രമാണ്. അന്വേഷിച്ചുപോയ പല ഇടങ്ങളിലും കസ്റ്റംസ് സംഘത്തിന് വാഹനം കണ്ടെത്താനായില്ല. ഇതോടെയാണ് അന്വേഷണം ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനെ കുറിച്ചുള്ള തീരുമാനം.
അതേസമയം, കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തിങ്കളാഴ്ച ഹർജി പരിഗണിച്ചെങ്കിലും കസ്റ്റംസ് റിപ്പോർട്ട് ലഭിക്കാത്തതിനാൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
2004 മോഡൽ വാഹനം റെഡ് ക്രോസ് ഇറക്കുമതി ചെയ്തതാണെന്നും, 5 വർഷമായി നിയമവിധേയമായി ഉപയോഗിക്കുന്ന വാഹനമാണെന്നുമാണ് ദുൽഖറിന്റെ വാദം. കസ്റ്റംസ് കസ്റ്റഡിയിൽ വാഹനം നശിക്കാനിടയുണ്ടെന്നും ഹർജിയിൽ ദുൽഖർ ചൂണ്ടിക്കാട്ടുന്നു.
