“അതിദാരിദ്രം അവസാനിച്ചെന്ന പ്രഖ്യാപനം പച്ചനുണകളുടെ സമാഹാരം” – പ്രതിപക്ഷം

തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പിണറായി സർക്കാരിന്റെ പി.ആർ പ്രചരണമായാണ് ‘അതിദാരിദ്രം അവസാനിച്ചു’ എന്ന പ്രഖ്യാപനത്തെ പ്രതിപക്ഷം വിശേഷിപ്പിച്ചത്. നിയമസഭ ബഹിഷ്‌കരിച്ച ശേഷം പ്രതിപക്ഷ നേതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു. (01 നവംബർ 2025)

വി.ഡി സതീശൻ (പ്രതിപക്ഷ നേതാവ്):

നിയമസഭാ സമ്മേളനം തന്നെ പ്രഹസനമാക്കി മാറ്റിയെന്ന് വി.ഡി. സതീശൻ ആരോപിച്ചു.

“കേരളം അതിദാരിദ്ര രഹിത സംസ്ഥാനമാണെന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് വേണ്ടി ലക്ഷങ്ങൾ മുടക്കി നിയമസഭ വിളിച്ചു ചേർത്തതാണ്. വിഷയത്തിൽ ഒരു ചര്‍ച്ചയും ഇല്ല. മാധ്യമങ്ങളിൽ കോടികൾ മുടക്കി നൽകിയ പരസ്യങ്ങൾ അതേപടി നിയമസഭയിൽ വായിച്ചു കേൾപ്പിക്കുകയാണ്,” സതീശൻ പറഞ്ഞു.

“എൽ.ഡി.എഫ് അധികാരത്തിൽ വന്നപ്പോൾ നാലര ലക്ഷം അതിദരിദ്രരുണ്ടെന്നാണ് പ്രകടനപത്രികയിൽ പറഞ്ഞത്. എന്നാൽ ഇന്ന് 64,000 പേരായി ചുരുങ്ങിയെന്നത് അസംബന്ധമാണ്. കേന്ദ്രസർക്കാരിന്റെ കണക്കനുസരിച്ച് 5,91,194 എ.എ.വൈ കാർഡുടമകൾ ഇപ്പോഴും അതിദരിദ്രരാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമലയുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളും ബഹിഷ്‌കാരത്തിന്റെ ഭാഗമാണെന്ന് സതീശൻ വ്യക്തമാക്കി.

“തിരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വിഡ്ഢികളാക്കാനും നടത്തുന്ന പി.ആർ പ്രചാരണമാണ് ഇത്. സർക്കാരിന്റെ പൊള്ളത്തരങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തും,” വി.ഡി. സതീശൻ പറഞ്ഞു.

പി.കെ കുഞ്ഞാലിക്കുട്ടി (പ്രതിപക്ഷ ഉപനേതാവ്):

“കേരളപ്പിറവി ദിനത്തിൽ തന്നെ അപകടകരമായ പ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തിയത്. ഇതിലൂടെ പല കേന്ദ്ര പദ്ധതികളും സംസ്ഥാനം നഷ്ടപ്പെടും. നിലവിൽ തന്നെ പണമില്ലാത്ത സർക്കാരാണ് ഇത്. 2500 രൂപ വാഗ്ദാനം ചെയ്തവർ ഇപ്പോൾ 2000 രൂപയാക്കി കുറയ്ക്കുകയാണ്. ഇത് വെട്ടിപ്പാണ്,” കുഞ്ഞാലിക്കുട്ടി പറഞ്ഞു.

“സമ്പന്ന സംസ്ഥാനമാണെന്ന തെറ്റായ പ്രഖ്യാപനം സംസ്ഥാനത്തിന് അപകടകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും,” അദ്ദേഹം മുന്നറിയിപ്പു നൽകി.

അനൂപ് ജേക്കബ് (കെ.സി.(ജെ)):

“മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം തട്ടിപ്പാണ്. 5,91,194 എ.എ.വൈ കാർഡുടമകൾക്ക് ലഭിക്കേണ്ട റേഷൻ പോലും ഇല്ലാതാകുന്ന അവസ്ഥയാണിത്. പ്രഖ്യാപനം എങ്ങനെ വന്നതെന്നതിൽ വ്യക്തത വേണം. അർഹമായ ആനുകൂല്യങ്ങൾ നഷ്ടപ്പെടും,” അനൂപ് ജേക്കബ് പറഞ്ഞു.

malayalampulse

malayalampulse