പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരാൻ മണിക്കൂറുകൾ ബാക്കിയിരിക്കെ, ബിജെപിയുടെ വിജയാഘോഷം നേരത്തെ തന്നെ ആരംഭിച്ചു. പാർട്ടി പ്രവർത്തകർ 501 കിലോ ലഡുവിന് ഓർഡർ നൽകിയതായി റിപ്പോർട്ടുകൾ. നവംബർ 14ന് ഫലപ്രഖ്യാപനത്തിനുമുമ്പ് തന്നെ പാർട്ടിക്കുള്ള ആത്മവിശ്വാസത്തിന്റെ തെളിവായാണ് ഈ നീക്കം കാണുന്നത്.
‘ജനങ്ങൾക്ക് പ്രസാദമായി നൽകാനാണ് ലഡുവുകൾ ഓർഡർ ചെയ്തിരിക്കുന്നത്,’ ബിജെപി പ്രവർത്തകനായ കൃഷ്ണകുമാർ കല്ലു പിറ്റിഐയോട് പറഞ്ഞു. ബേക്കറി ഉടമകളും ഓർഡർ ലഭിച്ച വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്നലെ പൂർത്തിയായ അവസാനഘട്ട വോട്ടെടുപ്പിൽ 69 ശതമാനം എന്ന റെക്കോർഡ് പോളിങ് രേഖപ്പെടുത്തി. ആദ്യഘട്ടത്തിലെ 121 മണ്ഡലങ്ങളിൽ 65.08 ശതമാനമായിരുന്നു വോട്ടിങ്.
അതേസമയം, പുറത്തുവന്ന ഒമ്പത് എക്‌സിറ്റ് പോളുകളിൽ ഏഴെണ്ണവും എൻഡിഎക്കാണ് മുൻതൂക്കം പ്രവചിക്കുന്നത്. പീപ്പിൾസ് പൾസിന്റെ സർവേ പ്രകാരം എൻഡിഎക്ക് 133–159 സീറ്റുകൾ, മഹാസഖ്യത്തിന് 75–101 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. മാട്രിസ് സർവേ പ്രകാരം എൻഡിഎക്ക് 147–167 സീറ്റുകളും ഇൻഡ്യാ സഖ്യത്തിന് 70–90 സീറ്റുകളും ലഭിക്കുമെന്നാണ് കണക്ക്.
എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി ആർജെഡി നേതാവും ഇൻഡ്യാ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ തേജസ്വി യാദവ് പ്രതികരിച്ചു.
‘ബിഹാറിൽ നിന്നുള്ള ഫീഡ്ബാക്ക് വളരെ പോസിറ്റീവാണ്. 1995ൽ ആർജെഡി അധികാരത്തിലെത്തിയതിനേക്കാൾ മികച്ച സാഹചര്യം ഇത്തവണ ഉണ്ട്. ജനങ്ങൾ ഭരണ വിരുദ്ധ മനോഭാവത്തിലാണ്,’– പട്‌നയിൽ മാധ്യമങ്ങളോട് തേജസ്വി യാദവ് പറഞ്ഞു.
