പത്തനംതിട്ട: പത്തനംതിട്ടയിൽ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു കുട്ടി കൂടി മരിച്ചു. നാല് വയസ്സുകാരനായ യദുവാണ് മരണപ്പെട്ടത്. ഏഴ് വയസ്സുകാരി ആദ്യലക്ഷ്മി നേരത്തെ തന്നെ മരിച്ചിരുന്നു.
അപകടത്തിന് പിന്നാലെ യദുവിനെ കാണാതായ നിലയിലായിരുന്നു. ഫയർഫോഴ്സ് നടത്തിയ തിരച്ചിലിലാണ് യദുവിനെ കണ്ടെത്തിയത്. കുട്ടിയുടെ മരണം കോന്നി എംഎൽഎ കെ. യു. ജനീഷ് കുമാർ സ്ഥിരീകരിച്ചു.
അപകടസമയത്ത് ഓട്ടോയിലുണ്ടായിരുന്നത് അഞ്ച് കുട്ടികളെയാണ്. കരിമാൻതോട് ശ്രീനാരായണ സ്കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം.
ഒരു കുട്ടിയുടെ കൈയ്ക്ക് പൊട്ടലുണ്ട് — കുട്ടിയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. മറ്റൊരു കുട്ടിയുടെ വാരിയെല്ല് പൊട്ടി ശ്വാസകോശത്തിലേക്ക് കയറുന്ന ഗുരുതരാവസ്ഥ — സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരുകുട്ടിക്ക് ചെറിയ പരിക്കുകൾ — പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടക്കി.
പ്രാഥമിക അന്വേഷണപ്രകാരം, റോഡിന് കുറുകെ പാമ്പ് വന്നതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ വെട്ടിച്ചപ്പോൾ വാഹനം നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞുവെന്നാണ് വിവരം.
മരണപ്പെട്ട ആദിലക്ഷ്മിയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. വിദേശത്തുള്ള പിതാവ് എത്തുന്നതിന് ശേഷം സംസ്കാരം നടത്തും. ഓട്ടോ ഡ്രൈവർ പത്തനംതിട്ട സ്വദേശിയായ രാജേഷ് ആണ്.
