തിരുവനന്തപുരം:
തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവിക്ക് പിന്നാലെ ഉയർന്ന രാഷ്ട്രീയ വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രനെ പിന്തുണച്ച് മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. ആര്യക്കെതിരെ ഗായത്രി ബാബു ഉയർത്തിയ വിമർശനങ്ങൾ മന്ത്രി തള്ളി. തോൽവിയുടെ മുഴുവൻ ഉത്തരവാദിത്തവും മേയറുടെ തലയിൽ ചുമത്തരുതെന്നും, രാഷ്ട്രീയ പക്വതയോടെയായിരുന്നു ആര്യയുടെ പ്രവർത്തനമെന്നും മന്ത്രി വ്യക്തമാക്കി.
ഗായത്രി ബാബുവിന്റെ നിലപാട് വ്യക്തിപരമാണെന്നും അത് പാർട്ടിയുടെ ഔദ്യോഗിക അഭിപ്രായമല്ലെന്നും വി. ശിവൻകുട്ടി പറഞ്ഞു. ആരോഗ്യപരമായ കാരണങ്ങളാലാണ് ആര്യ പ്രചാരണ രംഗത്ത് സജീവമാകാതിരുന്നതെന്നും, മേയറുടെ പ്രവർത്തനത്തെക്കുറിച്ച് പാർട്ടിക്ക് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എം.എം. മണിയുടെ വിവാദ പ്രസ്താവനയിലും മന്ത്രി പ്രതികരിച്ചു. അദ്ദേഹത്തിന്റെ ശൈലിയിൽ പറഞ്ഞതാണെങ്കിലും അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നാണ് പാർട്ടിയുടെ നിലപാടെന്ന് വി. ശിവൻകുട്ടി വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെന്നും, ജനവിധി അംഗീകരിക്കുന്നതായും മന്ത്രി പറഞ്ഞു. സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങൾ കൂടുതൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് കരുതിയിരുന്നുവെങ്കിലും, ജനകീയ പ്രവർത്തനങ്ങൾ മാത്രം വോട്ടായി മാറുമെന്ന വിലയിരുത്തൽ തെറ്റായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മുൻ കൗൺസിലർ ഗായത്രി ബാബു മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഓഫീസിനെ കരിയർ വളർത്താനുള്ള ‘കോക്കസായി’ മാറ്റിയെന്നും, പാർട്ടിയെക്കാൾ വലുതെന്ന ഭാവമായിരുന്നെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശനം. വിവാദമായതിന് പിന്നാലെ ഗായത്രി ബാബു പോസ്റ്റ് പിൻവലിച്ചു.
ആര്യ രാജേന്ദ്രന്റെ കൗൺസിലിലെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിരുന്നു ഗായത്രി ബാബു. പേര് പരാമർശിക്കാതെയാണ് വിമർശനം. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് എൽഡിഎഫിന്റെ ജനകീയത നഷ്ടമായെന്നും, അടിസ്ഥാന പ്രശ്നങ്ങൾ അവഗണിച്ചുവെന്നുമാണ് പോസ്റ്റിലെ ആരോപണം. നല്ലൊരു ടീം രൂപീകരിച്ചിരുന്നെങ്കിൽ ഇത്ര കനത്ത തിരിച്ചടി ഉണ്ടാകില്ലായിരുന്നുവെന്നും ഗായത്രി ബാബു കുറിച്ചു.
