നടിയെ ആക്രമിച്ച കേസ്: പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച

തിരുവനന്തപുരം

നടിയെ ആക്രമിച്ച കേസിൽ നീതിക്കായുള്ള പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ക്ലിഫ് ഹൗസിലെത്തിയാണ് അതിജീവിത മുഖ്യമന്ത്രിയെ കണ്ടത്. കൂടിക്കാഴ്ച ഏകദേശം 20 മിനിറ്റോളം നീണ്ടുനിന്നു.

നീതിക്കായുള്ള പോരാട്ടത്തിൽ സർക്കാർ എല്ലാ വിധ പിന്തുണയും നൽകുമെന്നും സർക്കാർ അതിജീവിതയ്ക്കൊപ്പം ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. നടിയെ ആക്രമിച്ച കേസിൽ മേൽക്കോടതിയിൽ അപ്പീൽ നൽകുന്നതിന് സർക്കാർ തയ്യാറെടുക്കുന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച നടന്നത്.

ഇന്നലെ രാവിലെയാണ് അതിജീവിത ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കുന്നതിനായി തലസ്ഥാനത്തെത്തിയത്. തുടർന്ന് വൈകീട്ടോടെ മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ക്ലിഫ് ഹൗസിലെത്തുകയായിരുന്നു. സിനിമാ മേഖലയിലും പുറത്തും ഈ കാലയളവിൽ നടി നേരിട്ട പ്രതിസന്ധികൾ കൂടിക്കാഴ്ചയിൽ ചർച്ചയായതായി അറിയുന്നു. സാമൂഹ്യമാധ്യമങ്ങളിൽ നടിക്കെതിരെ നടക്കുന്ന അധിക്ഷേപവും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും സൂചനയുണ്ട്.

കേസിൽ ഉടൻ അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി അതിജീവിതയ്ക്ക് ഉറപ്പുനൽകിയതായാണ് വിവരം.

വിധി വന്നതിന് പിന്നാലെ അതിജീവിത കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വിചാരണ കോടതിയിൽ വിശ്വാസം നഷ്ടമായതായി സാമൂഹ്യമാധ്യമങ്ങളിലൂടെ നടി പ്രതികരിച്ചിരുന്നു. കേസിൽ തന്റെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടില്ലെന്നും, വിചാരണ കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടർമാർ തടവിലാക്കപ്പെട്ട നിലയിലായിരുന്നുവെന്നും നടി വ്യക്തമാക്കിയിരുന്നു. കേസ് തുറന്ന കോടതിയിൽ പരിഗണിക്കണമെന്ന ആവശ്യം പോലും അംഗീകരിക്കപ്പെട്ടില്ലെന്ന ആരോപണവും അതിജീവിത ഉന്നയിച്ചിരുന്നു.

malayalampulse

malayalampulse