സ്വർണപ്പാളി കേസ്: മാധ്യമവാർത്തകൾ കോടതിയെ അവഹേളിക്കുന്നതെന്ന് കടകംപള്ളി സുരേന്ദ്രന്റെ അഭിഭാഷകൻ

തിരുവനന്തപുരം : സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഫയൽ ചെയ്ത മാനനഷ്ടക്കേസിനെക്കുറിച്ച് മനോരമ ന്യൂസ് അടക്കമുള്ള മാധ്യമങ്ങൾ സംപ്രേക്ഷണം ചെയ്ത വാർത്ത പൂർണ്ണമായും വസ്തുതാവിരുദ്ധമാണെന്ന് കടകംപള്ളി സുരേന്ദ്രന്റെ അഭിഭാഷകൻ രാജഗോപാലൻ നായർ. കോടതിയെയും നീതിന്യായ വ്യവസ്ഥയെയും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വാർത്തയോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നതായി രാജഗോപാലൻ നായർ പറഞ്ഞു.

​വി ഡി സതീശൻ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് മാസങ്ങൾ പിന്നിട്ടിട്ടും “കൈയിൽ തെളിവുണ്ട്” എന്ന് ആവർത്തിക്കുന്നതല്ലാതെ, ഒരു തെളിവുപോലും കോടതിയിലോ പൊതുസമൂഹത്തിന് മുന്നിലോ ഹാജരാക്കാിയിട്ടില്ല. എന്നാൽ വ്യക്തിഹത്യ ചെയ്യുന്നത് വീണ്ടും തുടരുന്നു. ​ഈ സാഹചര്യത്തിലാണ്, തെളിവുകൾ ഹാജരാക്കാത്തിടത്തോളം കാലം വി ഡി സതീശനെ തുടർ പ്രസ്താവനകളിൽ നിന്നും വിലക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഒരു ഹർജി കൂടി ഫയൽ ചെയ്തത്. ഈ ഹർജിയിലാണ് വാദം തുടങ്ങിയത്. 

മാനനഷ്ടം എന്നത് ഒരു ക്രിമിനൽ കുറ്റകൃത്യമാണെന്നും, കേസ് നടക്കുമ്പോൾ തന്നെ ക്രിമിനൽ കുറ്റകൃത്യം ആവർത്തിക്കാൻ അനുവദിക്കാൻ കോടതിക്ക് അധികാരമില്ലെന്നും ബോധിപ്പിച്ചിട്ടുണ്ട്. കോടതി സതീശനെ പ്രസ്താവനകളിൽ നിന്നും വിലക്കുകയോ അല്ലെങ്കിൽ ഇത്തരം പ്രസ്താവനകൾ ആവർത്തിക്കില്ലെന്ന് സതീശൻ കോടതിക്ക് ഉറപ്പ് നൽകുകയോ ചെയ്തെങ്കിൽ മാത്രമേ പ്രധാന ഹർജിയായ മാനനഷ്ടക്കേസിലെ വാദം ആരംഭിക്കാൻ സാധിക്കൂ എന്ന നിലപാടാണ് കോടതിയെ അറിയിച്ചത്.

ഈ കാര്യം സതീശനുമായി ആലോചിച്ച് മറുപടി അറിയിക്കാമെന്ന് അദ്ദേഹത്തിൻ്റെ അഭിഭാഷകൻ വ്യക്തമാക്കിയതിനെ തുടർന്നാണ് കേസ് പരിഗണിക്കുന്നത് കോടതി ഈ മാസം 18ലേക്ക് മാറ്റിവെച്ചത്. കോടതിയിൽ സതീശൻ തന്റെ പ്രസ്താവന ആവർത്തിക്കില്ല എന്ന് രേഖാമൂലം ഉറപ്പ് നൽകാത്ത പക്ഷം അടുത്ത ദിവസം ഇത് സംബന്ധിച്ച് വിശദമായ വാദം കേൾക്കാം എന്ന് കോടതി അറിയിച്ചു. 

​കോടതിയിൽ നടന്ന യഥാർത്ഥ സംഭവം ഇതായിരിക്കെ, ഇതിന് വിരുദ്ധമായ വാർത്തയാണ് മനോരമ ന്യൂസ് അടക്കമുള്ള ചില മാധ്യമങ്ങൾ നൽകിയത്. ഇത് എവിടെ നിന്നും ലഭിച്ചു എന്ന് അവർ വ്യക്തമാക്കേണ്ടതുണ്ട്. സതീശൻ്റെ അഭിഭാഷകനുമായി തൻ്റെ ഓഫീസ് ബന്ധപ്പെട്ടപ്പോൾ, കോടതിയിൽ നടന്ന കാര്യങ്ങൾ മാത്രമാണ് വി ഡി സതീശനോട് പങ്കുവെച്ചതെന്നും, മനോരമ നൽകിയ തെറ്റായ വാർത്തയെക്കുറിച്ച് അറിയില്ലെന്നുമാണ് മറുപടി ലഭിച്ചത്. ​കോടതിയിൽ നടക്കാത്ത കാര്യങ്ങൾ നടന്നുവെന്ന് വാർത്ത ചമയ്ക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. അതിനാൽ, മനോരമ ന്യൂസും മറ്റ് മാധ്യമങ്ങളും അടിയന്തരമായി ഈ വാർത്ത തിരുത്തുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്യണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.

malayalampulse

malayalampulse