തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന് വൻ തിരിച്ചടി. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ആന്റണി രാജു കുറ്റക്കാരനാണെന്ന് വിധിച്ചു. കേസിലെ ഒന്നാം പ്രതിയും കോടതിയിലെ തൊണ്ടി സെക്ഷൻ ക്ലർക്കുമായ എസ്. ജോസും കുറ്റക്കാരനാണെന്ന് കോടതി വ്യക്തമാക്കി.
ലഹരിക്കേസിൽ പിടിയിലാ വിദേശ പൗരനെ രക്ഷിക്കാനായി തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്ന കേസിലാണ് മൂന്ന് പതിറ്റാണ്ട് നീണ്ട നിയമപോരാട്ടത്തിന് ഒടുവിൽ കോടതി വിധി പുറപ്പെടുവിച്ചത്. ഇതോടെ ആന്റണി രാജുവിന്റെ നിയമസഭാ അംഗത്വം റദ്ദാകാനുള്ള സാധ്യത ഉറപ്പായിരിക്കുകയാണ്.
കോടതി നിലനിൽക്കുന്നതായി കണ്ടെത്തിയ വകുപ്പുകൾ പ്രകാരം, 409-ാം വകുപ്പ് അനുസരിച്ച് രണ്ട് വർഷത്തിലധികം ശിക്ഷ ലഭിച്ചാൽ എംഎൽഎ സ്ഥാനവും ഭാവിയിലെ തെരഞ്ഞെടുപ്പ് മത്സരാവകാശവും നഷ്ടമാകും. ശിക്ഷാവിധി ഹൈക്കോടതി തടഞ്ഞില്ലെങ്കിൽ ആന്റണി രാജുവിന് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല.
⚖️ ചുമത്തിയിരുന്ന വകുപ്പുകൾ
ഐപിസി:
34 – പൊതുവായ ഉദ്ദേശ്യത്തോടെ ചേർന്ന് ചെയ്ത കുറ്റകൃത്യം 409 – സർക്കാർ ഉദ്യോഗസ്ഥന്റെ വിശ്വാസവഞ്ചന 120B – ഗൂഢാലോചന 420 – വഞ്ചന 201 – തെളിവ് നശിപ്പിക്കൽ 193 – കള്ള തെളിവ് സൃഷ്ടിക്കൽ 217 – പൊതുസേവകന്റെ നിയമലംഘനം 465 – വ്യാജരേഖ ചമക്കൽ 468 – വഞ്ചനയ്ക്കായി വ്യാജരേഖ ചമക്കൽ
👉 420, 468, 371 വകുപ്പുകൾ കോടതി ഒഴിവാക്കി.
👉 120B, 201, 193, 409, 34 വകുപ്പുകൾ നിലനിൽക്കും.
🧾 കേസ് എന്താണ്?
1990-ൽ തിരുവനന്തപുരം വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച 61.5 ഗ്രാം ഹാഷിഷുമായി ഓസ്‌ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവദോർ പിടിയിലായിരുന്നു. ഇയാളെ രക്ഷിക്കാനായി കോടതിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ അടിവസ്ത്രം ആന്റണി രാജു കൈപ്പറ്റി വെട്ടി ചെറുതാക്കിയെന്നാണ് കേസ്.
ഹൈക്കോടതിയിൽ അപ്പീൽ പരിഗണിക്കുമ്പോൾ അടിവസ്ത്രം പ്രതിക്ക് ഇടാൻ കഴിയില്ലെന്ന് നേരിട്ട് പരീക്ഷിച്ച് കോടതി ഉറപ്പാക്കുകയും ഇയാളെ വെറുതെ വിടുകയും ചെയ്തു. പിന്നീട് വിദേശത്ത് നടന്ന മറ്റൊരു കേസിനിടെ, അഭിഭാഷകന്റെയും കോടതിയിലെ ക്ലർക്കിന്റെയും സഹായത്തോടെ അടിവസ്ത്രം മാറ്റിയാണ് കേരളത്തിലെ കേസിൽ രക്ഷപ്പെട്ടതെന്ന് സാൽവദോർ സമ്മതിച്ചുവെന്നാണ് അന്വേഷണ റിപ്പോർട്ട്.
🕰️ തൊണ്ടിമുതൽ കേസിന്റെ നാൾവഴി (Timeline)
1990 ഏപ്രിൽ 4: 61.5 ഗ്രാം ഹാഷിഷുമായി ആൻഡ്രൂ സാൽവദോർ അറസ്റ്റിൽ 1990: സെഷൻസ് കോടതി 10 വർഷം തടവ് വിധിച്ചു 1990: ഹൈക്കോടതി അപ്പീലിൽ വെറുതെവിട്ടു 1994: തൊണ്ടിമുതൽ കൃത്രിമം ആരോപിച്ച് വഞ്ചിയൂർ പൊലീസ് കേസ് 1996: ഇന്റർപോളിലൂടെ സിബിഐക്ക് നിർണായക മൊഴി 2005: സർക്കാർ പുനരന്വേഷണത്തിന് ഉത്തരവ് 2006 ഫെബ്രുവരി 13: കുറ്റപത്രം സമർപ്പിച്ചു 2014: കേസ് നെടുമങ്ങാട് കോടതിയിലേക്ക് മാറ്റി 2023: പുനരന്വേഷണത്തിന് ഹൈക്കോടതി നിർദേശം 2024 നവംബർ 20: പുനരന്വേഷണം ശരിവച്ച് സുപ്രീംകോടതി 2026 ജനുവരി 3: ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി
