പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിനെ തുടര്‍ന്ന് സിപിഎം നേതാക്കളില്‍ നിന്ന് വധഭീഷണി നേരിട്ടതായി ആരോപിച്ച്, സിപിഎം മുന്‍ അട്ടപ്പാടി ഏരിയ സെക്രട്ടറി വി.ആര്‍. രാമകൃഷ്ണന്‍ ബിജെപിയില്‍ ചേര്‍ന്നു. സിപിഎമ്മിന്റെ ദീര്‍ഘകാല പ്രവര്‍ത്തകനായിരുന്ന രാമകൃഷ്ണന്‍, പാര്‍ട്ടി വിടാനുള്ള കാരണം നേതാക്കളില്‍ നിന്നുള്ള ഭീഷണികളാണെന്ന് വ്യക്തമാക്കി.
അഗളി പഞ്ചായത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎം വിമതനായി മത്സരിച്ചതിന് പിന്നാലെ, അഗളി ലോക്കല്‍ സെക്രട്ടറി എന്‍. ജംഷീര്‍ ഫോണ്‍ വഴി വധഭീഷണി മുഴക്കിയതായാണ് ആരോപണം. ഈ സംഭവം വലിയ വിവാദമായിരുന്നു. തുടര്‍ന്നാണ് ബിജെപിയുമായി സഹകരിക്കാന്‍ തീരുമാനിച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
42 വര്‍ഷത്തോളം അട്ടപ്പാടിയില്‍ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു വി.ആര്‍. രാമകൃഷ്ണന്‍. രണ്ട് ടേമുകളിലായി ആറ് വര്‍ഷം അട്ടപ്പാടി ഏരിയ സെക്രട്ടറിയായും, 12 വര്‍ഷം ജെല്ലിപ്പാറ ലോക്കല്‍ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
നാലര വര്‍ഷം മുന്‍പ് സിപിഎം പ്രാദേശിക നേതൃത്വം രാമകൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹം തദ്ദേശ തിരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് പാര്‍ട്ടി വിടാനും ബിജെപിയില്‍ ചേരാനും വഴിയൊരുക്കിയതെന്നാണ് വിലയിരുത്തല്‍.
