ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി ജയിലിന് പുറത്തിറങ്ങി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽമോചിതനായി. കട്ടിളപ്പാളി കേസിലും ജാമ്യം ലഭിച്ചതോടെയാണ് ഇന്ന് വൈകിട്ടോടെ പോറ്റി ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യം ലഭിച്ചത്.

ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും ഇടക്കാല കുറ്റപത്രം പോലും സമർപ്പിക്കാനായിട്ടില്ലെന്ന കാര്യം കോടതി ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. സ്വാഭാവിക ജാമ്യം പ്രതിയുടെ നിയമപരമായ അവകാശമാണെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്.

ജയിലിന് പുറത്തേക്ക് എത്തിയ ഉണ്ണികൃഷ്ണൻ പോറ്റിയെ ഭാര്യയും സഹോദരിയും ഉൾപ്പെടെയുള്ള ബന്ധുക്കൾ ചേർന്നാണ് കൊണ്ടുപോയത്. കേസിലെ മറ്റ് പ്രതികളായ മുരാരി ബാബു, സുധീഷ്, ശ്രീകുമാർ എന്നിവർ നേരത്തെ തന്നെ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. കർശന ഉപാധികളോടെയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

malayalampulse

malayalampulse