ലൈംഗികാതിക്രമ കേസ് – സംവിധായകന്‍ രഞ്ജിത്തിന് ജാമ്യം

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ റിമാന്‍ഡിലായിരുന്ന സംവിധായകന്‍ രഞ്ജിത്ന് ജാമ്യം. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ജാമ്യാപേക്ഷയില്‍, നടിയുടെ അഭിനയത്തെ വിമര്‍ശിച്ചതിന്റെ വൈരാഗ്യത്തെ തുടര്‍ന്നുള്ള വ്യാജപരാതിയാണിത് എന്നായിരുന്നു രഞ്ജിത്തിന്റെ വാദം. എന്നാല്‍, സമാന കേസില്‍ മുമ്പും പ്രതിയായിരുന്നുവെന്നും, ജാമ്യം നല്‍കിയാല്‍ കേസിന്റെ ഗതി ബാധിക്കാമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.

കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ അന്വേഷണ സംഘം വിശദമായി പരിശോധിച്ചിരുന്നു. സംഭവമുണ്ടായതായി പരാതിയില്‍ പറയുന്ന കാരവാന്‍ നേരത്തെ പൊലീസ് പിടിച്ചെടുത്തിരുന്നു. പൊലീസ് കസ്റ്റഡിയില്‍ ലഭിച്ചിരുന്ന രഞ്ജിത്തിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പും നടത്തിയിരുന്നു.

വോട്ട് രേഖപ്പെടുത്താനുള്ള അവകാശം ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്നും ആരോഗ്യസ്ഥിതി മോശമാണെന്നും ചൂണ്ടിക്കാട്ടി മുമ്പ് ഇടക്കാല ജാമ്യം ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അത് അനുവദിച്ചിരുന്നില്ല.

🟨 കേസിന്റെ പശ്ചാത്തലം

സിനിമാ ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് രഞ്ജിത്നെ അറസ്റ്റ് ചെയ്തത്. പുതിയ സിനിമയില്‍ കൂടുതല്‍ പ്രാധാന്യമുള്ള വേഷം നല്‍കാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ച് ലൈംഗികമായി ഉപദ്രവിച്ചു എന്നതാണ് പരാതിയുടെ ഉള്ളടക്കം.

malayalampulse

malayalampulse