ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ ഇന്നലെ ഉണ്ടായ മേഘവിസ്‌ഫോടനത്തിലും തുടർന്ന് ഉണ്ടായ മിന്നൽ പ്രളയത്തിലും മരിച്ചവരുടെ എണ്ണം 50 ആയി ഉയർന്നു. നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ദേശീയ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഇരുന്നൂറിലേറെ പേരെ കാണാതായതായി വിവരം.
എൻഡിആർഎഫ്, എസ്ഡിആർഎഫ്, സുരക്ഷാസേന, പൊലീസ്, നാട്ടുകാർ എന്നിവർ ചേർന്നാണ് വൻതോതിലുള്ള രക്ഷാപ്രവർത്തനം നടത്തുന്നത്. എന്നാൽ പ്രതികൂല കാലാവസ്ഥ പ്രവർത്തനങ്ങൾക്ക് ഗുരുതര വെല്ലുവിളി ഉയർത്തുന്നുണ്ട്.
കിഷ്ത്വാർ ജില്ലയിലെ ചോസിതി മേഖലയിലാണ് മേഘവിസ്‌ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയം ഉണ്ടായത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കിഷ്ത്വാറിലെ പ്രശസ്തമായ മചൈൽ മാതാ തീർത്ഥാടന കേന്ദ്രത്തിലേക്കുള്ള പാത ആരംഭിക്കുന്ന സ്ഥലത്താണ് ദുരന്തം ഉണ്ടായത്. മരിച്ചവരിൽ ഭൂരിഭാഗവും തീർത്ഥാടകരാണെന്ന് അധികൃതർ അറിയിച്ചു.
ദുരന്തത്തെ തുടർന്ന് മചൈൽ മാതാ ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനം താൽക്കാലികമായി നിരോധിച്ചു.
ജമ്മു കശ്മീരിലെ ഈ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇ രംഗത്തെത്തി. ഇന്ത്യയ്‌ക്കൊപ്പമാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
