ന്യൂഡൽഹി:
വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നെന്ന രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടികയിൽ കള്ളവോട്ടോ അട്ടിമറിയോ ഇല്ല എന്നും രാഹുൽ ഗാന്ധി അനുമതിയില്ലാതെ വോട്ടർമാരുടെ ചിത്രങ്ങൾ പുറത്തുവിട്ടത് അവരുടെ സ്വകാര്യത ലംഘിക്കുന്ന നടപടിയാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. ഭരണഘടനയെ അപമാനിക്കുന്ന പ്രവൃത്തിയാണ് ഇത് എന്നാണ് കമ്മീഷന്റെ അഭിപ്രായം.
മെഷീൻ റീഡബിൾ വോട്ടർപട്ടിക നൽകാനാവില്ലെന്നും അങ്ങനെ ചെയ്താൽ വോട്ടർമാരുടെ സ്വകാര്യത ലംഘിക്കപ്പെടുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
പ്രധാന ആരോപണങ്ങൾ കമ്മീഷൻ വിശദീകരിച്ചത്:
സ്വകാര്യത ലംഘനം – വോട്ടർമാരുടെ ചിത്രങ്ങൾ പുറത്തുവിട്ടത് സുപ്രീം കോടതി നിർദേശത്തിനെതിരാണ്. വ്യാജ ആരോപണങ്ങൾ – തെളിവുകളില്ലാത്ത ആരോപണങ്ങളെ കമ്മീഷൻ അംഗീകരിക്കില്ല. സമയപരിധി – കരട് പട്ടികയ്ക്കെതിരെ പരാതി നൽകാൻ സമയമുണ്ടായിരുന്നുവെന്നും, ഇപ്പോൾ ആരോപണം ഉന്നയിക്കുന്നത് രാഷ്ട്രീയ ഉദ്ദേശത്തോടെ മാത്രമാണെന്നും കമ്മീഷൻ പറഞ്ഞു. അന്വേഷണമില്ല – വ്യാജ ആരോപണങ്ങളിൽ അന്വേഷണം നടത്തില്ലെന്ന് വ്യക്തമാക്കി.
ബിഹാറിൽ വോട്ടർപട്ടിക ശുദ്ധീകരണം:
ബിഹാറിൽ എസ്.ഐ.ആർ. (Systematic Intensive Revision) പരിപാടി ആരംഭിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു. ഒരാൾക്ക് രണ്ടിടത്ത് വോട്ട് ചെയ്യാൻ കഴിയുന്ന സാഹചര്യം ഒഴിവാക്കാനാണ് നടപടിയെന്നും പരാതിപ്പെടാൻ ഇനിയും 15 ദിവസത്തെ സമയമുണ്ടെന്നും വ്യക്തമാക്കി. ബംഗാളിലുള്പ്പെടെ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലും ഈ പ്രക്രിയ നടപ്പാക്കുമെന്നും കമ്മീഷൻ അറിയിച്ചു.
