കണ്ണൂര്‍: കൂത്തുപറമ്പ് എംഎൽഎ കെ.പി. മോഹനനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ 20 ഓളം പേർക്ക് നേരെ പൊലീസ് കേസ്. ചൊക്ലി പൊലീസാണ് സ്വമേധയാ കേസെടുത്തത്. സംഘം ചേർന്ന് തടഞ്ഞുവെച്ചെന്ന കുറ്റമാണ് ചുമത്തിയത്.
പരാതി നൽകാൻ ഇല്ലെന്ന നിലപാടാണ് എംഎൽഎ സ്വീകരിച്ചത്. എന്നാല്‍, പൊലീസ് സ്വമേധയ കേസെടുത്തു. പെരിങ്ങത്തൂർ കരിയാട് വെച്ചാണ് സംഭവം ഉണ്ടായത്.
മാലിന്യ പ്രശ്നം പരിഹരിക്കാത്തതിനെതിരെ നാട്ടുകാർ നടത്തിയ പ്രതിഷേധത്തിനിടെ എംഎൽഎക്കെതിരെ കയ്യേറ്റം നടന്നു. പ്രതിഷേധക്കാരുടെ നടുവിലൂടെ നടന്ന് പോകുന്നതിനിടെയാണ് സംഭവം.
പെരിങ്ങത്തൂരിൽ അങ്കണവാടി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം. മാസങ്ങളായി പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്‍ററിന്റെ മാലിന്യം പുറത്തേക്ക് ഒഴുക്കുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധം നടത്തി വരികയായിരുന്നു. പരാതി പരിഗണിക്കാത്തതാണ് പ്രതിഷേധം കടുത്തതാക്കിയത്.
എംഎൽഎ ഒറ്റയ്ക്കാണ് ഉണ്ടായിരുന്നത്. ഒപ്പം പാർട്ടിക്കാരോ മറ്റോ ഉണ്ടായിരുന്നില്ല. പ്രകോപിതരായ പ്രതിഷേധക്കാർ എംഎൽഎയെ പിടിച്ചു തള്ളുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. വാക്കേറ്റവും ഉണ്ടായി.
